ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി മാനേജിങ് ഡയറക്റ്ററും യോഗ ഗുരു രാം ദേവിന്‍റെയും ആചാര്യ ബാലകൃഷ്ണന്‍റെയും മാപ്പു സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി. ഈ കേസിൽ ഉദരമനസ്കരാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ ഹിമ കോഹ്‌ലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരാണ് കേസ് പരിഗണിച്ചത്. വ്യാജ പ്രചരണം നടത്തിയിട്ടും പതഞ്ജലിക്കെതിരേ നടപടി സ്വീകരിക്കാഞ്ഞതിൽ ഉത്തരാഖണ്ഡ് സംസ്ഥാന ലൈസൻസിങ് അഥോറിറ്റിയേയും കോടതി വിമർശിച്ചു.
തങ്ങളുടെ ഉത്പന്നങ്ങളുടെ ഔഷധമൂല്യത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് രാം ദേവും ബാലകൃഷ്ണയും രണ്ടു വ്യത്യസ്ത സത്യവാങ്മൂലമായി നിരുപാധികം കോടതിയോട് മാപ്പപേക്ഷിച്ചിരുന്നു. എന്നാൽ മാപ്പ് കടലാസിൽ മാത്രമാണെന്നാണ് കോടതി വിലയിരുത്തിയത്.
തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിയോട് നിർദേശിച്ചിരുന്നതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഇതിനു മുൻപ് രാംദേവ് സുപ്രീം കോടതിയിൽ ഹാജരായി മാപ്പപേക്ഷിച്ചിരുന്നു.എന്നാൽ അത്ഹൃദയത്തിൽ നിന്നുള്ള ക്ഷമയാചനയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാനും സുപ്രീംകോടതി അന്ന് വിസമ്മതിച്ചത്. പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്.ഇതിപ്പോൾ രണ്ടാം തവണയാണ് പതഞ്ജലിയുടെ മാപ്പ് കോടതി തള്ളുന്നത്. വാക്സിനേഷൻ ഡ്രൈവ്, ആധുനിക മരുന്നുകൾ എന്നിവയ്ക്കെതിരേ രാംദേവ് നിരന്തരമായി വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ പരിഗണിക്കുകയായിരുന്നു കോടതി.