ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ അനുകരിച്ച് തൃണമൂൽ കോൺഗ്രസ് അംഗം കല്യാൺ ബാനർജിയുടെ പരിഹാസം. ബാനർജിയുടെ " മിമിക്രി' ഫോണിൽ പകർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ സഭയ്ക്കു പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണു വലിയ രാഷ്ട്രീയ വിവാദത്തിനു വഴിയൊരുക്കിയ സംഭവം.
പാർലമെന്റ് മന്ദിരത്തിലെ "മകരദ്വാറി'ലായിരുന്നു വിവാദമായ മിമിക്രി. എന്റെ നട്ടെല്ല് നേരെയാണ് എന്ന പരാമർശവുമായി ധൻകർ സഭയിൽ പെരുമാറുന്നതിനെ പരിഹാസച്ചിരിയോടെ അനുകരിക്കുകയായിരുന്നു ബാനർജി. ഒപ്പമുള്ള എംപിമാർ കൂട്ടച്ചിരിയോടെ ഇതിനൊപ്പം ചേർന്നപ്പോൾ രാഹുൽ ഇതു മൊബൈൽ ഫോണിൽ പകർത്തി. ഇതിനിടെ, ചിലർ ലോക്സഭാ സ്പീക്കർ ഓം ബിർളയെയും അനുകരിക്കാൻ ശ്രമിച്ചു. പ്രതിപക്ഷ നടപടി ലജ്ജാകരവും അപമാനകരവുമാണെന്നു ധൻകർ പ്രതികരിച്ചു. ഒരു എംപി പരിഹസിക്കുന്നതും മറ്റൊരു എംപി അതിന്റെ വിഡിയൊ പകർത്തുന്നതും പരിഹാസ്യവും അസ്വീകാര്യവുമാണ്. കർഷക, ജാട്ട് പശ്ചാത്തലത്തിൽ നിന്നു വരുന്ന തന്നെ അപമാനിക്കുന്നതാണ് ഈ നടപടിയെന്നും രാജ്യസഭയിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തോട് ധൻകർ പറഞ്ഞു.
ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയുമാണ് പരിഹസിച്ചതെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. സഭയ്ക്കുള്ളിൽ ചെയ്യുന്നതിന്റെ മറ്റൊരു രൂപമാണു പുറത്തുകണ്ടതെന്നു ബിജെപി ആരോപിച്ചു.