ഇംഫാല്‍: മണിപ്പുരിലെ ജിരിബാമില്‍ ഇന്നലെ സംഘര്‍ഷത്തില്‍ ആറു പേര്‍ മരിച്ചു. നുങ്ചാപ്പി ഗ്രാമത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അറുപത്തിമൂന്നുകാരനെ കുകി തീവ്രവാദികള്‍ കൊലപ്പെടുത്തിയതോടെയാണു വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നത്. തിരിച്ചടിക്കൊരുങ്ങിയ മെയ്തി ഗ്രാമവാസികളും കുകി സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റ് അഞ്ചു പേര്‍ മരിച്ചത്. വെള്ളിയാഴ്ച മൊയ്റാങ് ഗ്രാമത്തില്‍ പ്രാര്‍ഥനയ്ക്കിടെ മെയ്തി വിഭാഗത്തില്‍പ്പെട്ട വയോധികന്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ, അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. 15 പേര്‍ക്കാണു പരുക്ക്. മുന്‍ മുഖ്യമന്ത്രി മൊയ്റാങ് കൊയ്റെങ്ങിന്‍റെ വീട്ടുവളപ്പിലേക്കുള്‍പ്പെടെ റോക്കറ്റാക്രമണമുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഗവര്‍ണര്‍ എല്‍.എ. ആചാര്യയെ കണ്ടു ചര്‍ച്ച നടത്തി.
ഈയാഴ്ച ആദ്യം ജിരിബാമില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ ആള്‍താമസമില്ലാത്ത വീടിന് അക്രമികള്‍ തീവച്ചിരുന്നു. കഴിഞ്ഞമാസം ഒന്നിനു സമാധാന ചര്‍ച്ച നടന്ന ജില്ലയാണു ജിരിബാം. അക്രമം അവസാനിപ്പിക്കാന്‍ അന്നു നടന്ന ചര്‍ച്ചയില്‍ മെയ്തി, ഹമാര്‍ സമുദായങ്ങള്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍, ജില്ലയ്ക്കു പുറത്തുള്ള ഹമാര്‍ ഗോത്ര സംഘടനകള്‍ ഇതു നിരാകരിച്ചു.
അതിനിടെ, മണിപ്പുര്‍ അക്രമങ്ങള്‍ക്ക് തുടക്കമിട്ട ചുരാചന്ദ്പുരില്‍ തീവ്രവാദികളുടെ മൂന്നു ബങ്കറുകള്‍ ഇന്നലെ രക്ഷാസേന നശിപ്പിച്ചു. ബിഷ്ണുപുരില്‍ വയോധികനെ കൊലപ്പെടുത്തിയതടക്കം ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ച ദീര്‍ഘദൂര റോക്കറ്റുകള്‍ ഇവിടെ നിന്നാണു തൊടുത്തുവിട്ടതെന്നു പൊലീസ് പറഞ്ഞു. മേഖലയില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. പട്രോളിങ്ങിന് ഹെലികോപ്റ്റര്‍ എത്തിച്ചു. ഡ്രോണ്‍ വേധ സംവിധാനവും സ്ഥാപിച്ചു. 2023 മേയില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 200ലേറെ പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.
കലാപം പടരുമ്പോഴും പൊതുവേ ശാന്തമായിരുന്നു എല്ലാ ഗോത്രവിഭാഗങ്ങളും ഒരുമയോടെ കഴിഞ്ഞിരുന്ന ഇംഫാല്‍ താഴ്വരയിലെ ജിരിബാം ജില്ല. കഴിഞ്ഞ ജൂണില്‍ ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടതോടെയാണ് ജിരിബാം സംഘര്‍ഷമേഖലയായത്.
അസമില്‍ ഇനി ആധാറിന് നിയന്ത്രണം
ഗോഹട്ടി: അസമില്‍ ആധാറിന് അപേക്ഷിക്കുന്നവര്‍ക്ക് ദേശീയ പൗരത്വ രജിസ്റ്ററിനുള്ള (എന്‍ആര്‍സി) അപേക്ഷ നമ്പര്‍ നിര്‍ബന്ധമാക്കുന്നു. അടുത്തമാസം ഒന്നു മുതല്‍ എന്‍ആര്‍സി അപേക്ഷാ നമ്പര്‍ രേഖപ്പെടുത്തിയ ആധാര്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ എന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു. പല ജില്ലകളിലും ഔദ്യോഗിക കണക്കുകളിലെ ജനസംഖ്യയെക്കാള്‍ അധികം പേര്‍ ആധാര്‍ സ്വന്തമാക്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു കര്‍ശന നടപടി.
ബാര്‍പേട്ട-103.7%, ധുബ്രി-103.4%, മൊറിഗാവ്- 101.7% എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ ജനസംഖ്യയും ആധാറും തമ്മിലുള്ള അനുപാതം. അനധികൃത കുടിയേറ്റക്കാര്‍ ആധാര്‍ സ്വന്തമാക്കിയെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ബന്ധപ്പെട്ട ജില്ലാ കമ്മിഷണര്‍മാരില്‍ നിന്ന് എതിര്‍പ്പില്ലാ രേഖ ഹാജരാക്കിയാല്‍ മാത്രമേ ഇനി ആധാര്‍ അനുവദിക്കൂ എന്നും മുഖ്യമന്ത്രി. അതേസമയം, പുതിയ പരിശോധന, നേരത്തേ ഇളവു നല്‍കിയ 9.35 ലക്ഷം പേര്‍ക്ക് ബാധകമല്ലെന്നും ഇവര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ ആധാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.