Sonia Gandhi and Priyanka Gandhi File photo
India

സോണിയ പ്രിയങ്കയ്ക്ക് ബാറ്റൺ കൈമാറുന്നു?

ഭോപ്പാൽ: കോൺഗ്രസിന്‍റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുമെന്നും, പകരം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുമെന്നുമാണ് റിപ്പോർട്ട്.

സോണിയയെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലെത്തിക്കാനാണ് പാർട്ടി ദേശീയ നേതൃത്വം ആലോചിച്ചിരുന്നത്. ഇതിനിടെ, മധ്യപ്രദേശിൽ നിന്നു രാജ്യസഭാംഗമാകണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം സോണിയയോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുനിന്നുള്ള മുതിർന്ന നേതാവ് കമൽനാഥ് ഡൽഹിയിൽ പോയി സോണിയയെ കണ്ട് ഇക്കാര്യം നേരിട്ട് അവതരിപ്പിച്ചതായി സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് ജീത്തു പത്‌വാരി അറിയിച്ചു.

മധ്യപ്രദേശ് കോൺഗ്രസിൽ കലഹം‍?

സോണിയ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തണമെന്ന ആവശ്യത്തിൽ മധ്യ പ്രദേശ് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നു ജീത്തു പത്‌വാരി പറയുന്നു. അതേസമയം, രാജ്യസഭയിലേക്കു പോകാൻ കമൽനാഥിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും പത്‌വാരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല, കനത്ത തിരിച്ചടിയും നേരിട്ടിരുന്നു. ഇതെത്തുടർന്നാണ് കമൽനാഥിനു പകരം പത്‌വാരിയെ പിസിസി പ്രസിഡന്‍റായി നിയോഗിച്ചത്. ഇതെത്തുടർന്ന് അതൃപ്തിയിലായ കമൽനാഥ് പാർട്ടി വിടാൻ തീരുമാനിച്ചെന്നും ബിജെപിയിൽ ചേരാൻ ആലോചിക്കുന്നു എന്നുമെല്ലാം അഭ്യൂഹം പരക്കുന്നതിനിടെയാണ് സോണിയയെ മുൻനിർത്തിയുള്ള പുതിയ രാജ്യസഭാ നീക്കം.

മധ്യപ്രദേശിൽ നിന്നുള്ള അഞ്ച് രാജ്യസഭാ സീറ്റുകളിലാണ് ഈ മാസം ഒഴിവു വരാനുള്ളത്. 230-അംഗ മധ്യപ്രദേശ് അസംബ്ലിയിൽ ബിജെപിക്ക് ഇപ്പോൾ 163 എംഎൽഎമാരും കോൺഗ്രസിന് 66 എംഎൽഎമാരുമാണുള്ളത്. ഈ കക്ഷിനില പ്രകാരം കോൺഗ്രസിന് ഒരു സ്ഥാനാർഥിയെ മാത്രമേ രാജ്യസഭയിലേക്ക് വിജയിപ്പിക്കാൻ സാധിക്കൂ.

ഏപ്രിലിൽ കാലാവധി കഴിയുന്ന സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുള്ളത്.

പ്രിയങ്ക റായ് ബറേലിയിൽ മത്സരിക്കും?

സോണിയ രാജ്യസഭയിലേക്കു പോകുമ്പോൾ സ്ഥിരം മണ്ഡലമായ റായ് ബറേലിയിൽ ഒഴിവ് വരുന്ന സീറ്റിൽ മകൾ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ നീക്കം നടത്തുന്നതായും സൂചനയുണ്ട്. ഈ നീക്കം യാഥാർഥ്യമായാൽ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ പ്രവേശനമായിരിക്കും ഇത്. സോണിയ ഗാന്ധിക്കു മുൻപ് ഇന്ദിര ഗാന്ധിയും അതിനു മുൻപ് ഫിറോസ് ഗാന്ധിയും പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് റായ് ബറേലി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സോണിയ ഇവിടെനിന്നു ജയിച്ചത്. 2014ലും 2009ലും ഇത് മൂന്നര ലക്ഷവും 2006ൽ നാല് ലക്ഷത്തിലധികവുമായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ