sushil kumar modi file
India

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പറ്റ്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദിക്ക് (72) സഹപ്രവർത്തകരും അണികളും സുഹൃത്തുക്കളുമുൾപ്പെടെ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പറ്റ്നയിലെ ദിഘഘട്ടിൽ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ക്യാൻസർ ബാധിതനായിരുന്ന സുശീൽ മോദി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് അന്തരിച്ചത്.

ഭൗതിക ശരീരം ചൊവ്വാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിൽ പറ്റ്നയിലെത്തിച്ചു. ബിജെപി നേതാക്കൾ ചേർന്നു സ്വീകരിച്ച ഭൗതിക ശരീരം രാജേന്ദ്ര നഗറിലെ വസതിയിലും ബിഹാർ അസംബ്ലിയിലും പൊതുദർശനത്തിനുവച്ചശേഷമാണ് സംസ്കരിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവർ സുശീൽ മോദിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

ജനസംഘം നേതാവായിരുന്ന കൈലാസപതി മിശ്രയ്ക്കു ശേഷം ബിഹാറിൽ ബിജെപിയുടെ ഏറ്റവും ജനകീയനായ നേതാവായിരുന്നു 2005- 2013, 2017-2020 കാലത്ത് ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ മോദി. കോട്ടയം പൊൻകുന്നം അഴീക്കൽ കുടുംബാംഗമായ ജെസ്സി ജോർജാണ് ഭാര്യ. ഒരു ട്രെയ്‌ൻ യാത്രയ്ക്കിടെ പരിചയപ്പെട്ട ജെസിയും സുശീൽ മോദിയും പ്രണയിച്ചു വിവാഹിതരാകുകയായിരുന്നു. മക്കൾ: ഉത്കർഷ്, അക്ഷയ്.

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറിയശേഷം രാജ്യസഭയിലെത്തിയ സുശീൽ മോദിയുടെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. പിന്നീട് ലോക്സഭയിലേക്കും അദ്ദേഹത്തിനു ടിക്കറ്റ് നൽകാത്തതോടെ ബിഹാറി നേതാവിനെ അവഗണിക്കുന്നുവെന്ന വാർത്തകളുയർന്നു. എന്നാൽ, ക്യാൻസർ ബാധിതനായ താൻ ചികിത്സയിലാണെന്നും പ്രചാരണത്തിനുണ്ടാവില്ലെന്നും വെളിപ്പെടുത്തി കഴിഞ്ഞ മാസം മൂന്നിന് അദ്ദേഹം തന്നെ വെളിപ്പെടുത്തി.

എബിവിപിയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ അദ്ദേഹം നിയമസഭയിലും ലെജിസ്ലേറ്റിവ് കൗൺസിലിലും പാർലമെന്‍റിന്‍റെ ഇരുസഭകളിലും ദീർഘകാലം പ്രവർത്തിച്ചു. ജിഎസ്ടി നടപ്പാക്കലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപംകൊടുത്ത മന്ത്രിസഭാ സമിതിയുടെ കൺവീനറായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിൽ എക്കാലവും സമവായത്തിന്‍റെയും സംവാദത്തിന്‍റെയും പക്ഷത്തു നിൽക്കുന്ന നേതാവെന്ന നിലയ്ക്കായിരുന്നു ഈ പദവി. ബിഹാറിൽ പലതവണ ആടിയുലഞ്ഞ ജെഡിയു- ബിജെപി സഖ്യത്തെ ദീർഘകാലം നിലനിർത്തിയതിനു പിന്നിലും സുശീൽ മോദിയായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ