#ഡോ. ബിന്ദേശ്വർ പാഠക്
സമ്പദ്- സമൃദ്ധി കാരണം പുരാതന കാലത്ത് ഇന്ത്യയെ "സ്വർണപ്പക്ഷി' (സോനേ കി ചിഡിയ) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ജനങ്ങൾ പൊതുവേ ശുചിത്വത്തിന് പ്രാധാന്യം നൽകിയിരുന്നില്ല. നഗര- ഗ്രാമ ഭേദമെന്യേ ശുചിത്വത്തിൽ ആളുകൾ ശ്രദ്ധ കൂടുതൽ പതിപ്പിച്ചിരുന്നില്ല. പൊതുസ്ഥലങ്ങളിൽ പരക്കെ മാലിന്യങ്ങൾ വലിച്ചെറിയുന്ന തെറ്റായ ശീലം അവർക്കുണ്ടായിരുന്നു. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയപ്പെട്ട മാലിന്യമോ മാലിന്യക്കൂമ്പാരമോ പതിവു കാഴ്ചയായിരുന്നു.
പല വീടുകളിലും ശൗചാലയം ഇല്ലാതിരുന്നതിനാൽ ആളുകൾ തുറസായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തിയിരുന്നു. സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ മാത്രം മലമൂത്ര വിസർജനത്തിനായി പുറത്തിറങ്ങാൻ നിർബന്ധിതരായ സ്ത്രീകൾക്ക് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. ചിലപ്പോൾ ഇരുട്ടിൽ പുറത്തിറങ്ങുമ്പോൾ പാമ്പും തേളും പോലുള്ള ക്ഷുദ്രജീവികൾ കടിക്കും. വയലുകളിലേക്ക് മലമൂത്ര വിസർജനത്തിനായി പോകുമ്പോഴോ തിരിച്ചുവരുമ്പോഴോ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ അതിക്രമങ്ങളും ഉണ്ടായിട്ടുണ്ട്. റോഡിനിരുവശത്തായും റെയ്ൽപ്പാതയോട് ചേർന്നുമാണ് ജനങ്ങൾ മലമൂത്ര വിസർജനം നടത്തിയിരുന്നത്.
ഗ്രാമങ്ങളിലും നഗരങ്ങളിലും പണമടച്ച് ഉപയോഗിക്കാവുന്ന ശൗചാലയങ്ങൾ ചുരുക്കം ചിലർ ഉപയോഗിക്കും. അവ വൃത്തിയാക്കിയതിൽ ശുചീകരണത്തൊഴിലാളികൾ പ്രശംസയർഹിക്കുന്നു. കാരണം അവർ ആ ശൗചാലയങ്ങൾ വൃത്തിയാക്കിയിരുന്നില്ലെങ്കിൽ കോളറ പോലുള്ള രോഗങ്ങൾ പടർന്ന് ഒട്ടേറെപ്പേർ മരിക്കുമായിരുന്നു. എന്നാൽ ഖേദകരമെന്നു പറയട്ടെ, തോട്ടിപ്പണിക്കാരായ ആ പാവങ്ങളോട് പൊതുവെ സമൂഹം മനുഷ്യത്വരഹിതമായി പെരുമാറുകയും, തൊട്ടുകൂടായ്മ പോലുള്ള നിന്ദ്യമായ അനാചാരങ്ങൾക്ക് അവർ വിധേയരാകുകയും ചെയ്തു പോന്നു.
1915ൽ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ടു. തനിക്ക് ആദ്യം സാക്ഷാത്ക്കരിക്കേണ്ടത് "സ്വച്ഛ് ഭാരത് ' (വൃത്തിയുള്ള ഇന്ത്യ) ആണെന്നും അടുത്ത പരിഗണന സ്വാതന്ത്ര്യത്തിനാണെന്നും രാജ്യത്തുടനീളമുള്ള മാലിന്യങ്ങൾ കാണാനിടയായപ്പോൾ 1919ൽ ഗാന്ധിജി പറഞ്ഞു. സാധാരണക്കാരോടും സ്വാതന്ത്ര്യ സമരത്തിൽ ഏർപ്പെട്ടിരുന്ന സന്നദ്ധപ്രവർത്തകരോടും ദക്ഷിണാഫ്രിക്കയിൽ ഉപയോഗത്തിലുണ്ടായിരുന്ന "കുഴി കക്കൂസുകൾ' ഉപയോഗിക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു. വീടുകളിൽ ശൗചാലയങ്ങൾ നിർമിക്കുന്നതു വരെ തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യുന്നവർ രോഗങ്ങൾ പരത്തുന്ന ഈച്ചകൾ അതിൽ ഇരിക്കാതിരിക്കാൻ വിസർജ്യങ്ങൾ മണ്ണിട്ട് മൂടണമെന്നും ഗാന്ധിജി നിർദേശിച്ചു. മാലിന്യത്തിൽ നിന്ന് ബാക്റ്റീരിയ, വൈറസ്, പരാന്നഭോജികൾ തുടങ്ങിയവയെ നമ്മുടെ ഭക്ഷണത്തിലെത്തിക്കാനും രോഗങ്ങൾ പരത്താനും ഈച്ചകൾക്ക് കഴിയും. തോട്ടിപ്പണി അവസാനിപ്പിക്കാൻ പുതിയ രീതിയിലുള്ള ശൗചാലയങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിൽ ഉൾപ്പെടുത്തുകയും സമൂഹത്തിലെ മറ്റ് അംഗങ്ങളുമായി തുല്യമായി പരിഗണിക്കുകയും വേണമെന്ന് അദ്ദേഹം വാദിച്ചു. "ഞാൻ പുനർജനിക്കില്ലായിരിക്കാം, പക്ഷേ എനിക്ക് പുനർജനിക്കേണ്ടി വന്നാൽ, ഒരു വാല്മീകി കുടുംബത്തിൽ ജനിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും, അങ്ങനെ മനുഷ്യത്വരഹിതവും അനാരോഗ്യപൂർണവും അറപ്പുളവാക്കുന്നതുമായ തോട്ടിപ്പണിയിൽ നിന്ന് അവരെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും' ഗാന്ധി പറഞ്ഞു.
2014 ഓഗസ്റ്റ് 15ന് ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിയിട വിസർജനത്തിന് അന്ത്യം കുറിക്കുന്ന സ്വച്ഛ് ഭാരത് അഭിയാൻ ആരംഭിക്കാൻ ആഹ്വാനം ചെയ്തു. 2014 ഒക്റ്റോബർ 2ന് ഔദ്യോഗികമായി ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാൻ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സർക്കാർ സംരംഭങ്ങളിലൊന്നാണ്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് നിങ്ങൾ അദ്ഭുതപ്പെടുകയാണെങ്കിൽ, ഉത്തരം ലളിതമാണ്. സമസ്ത പൗരന്മാരെയും ഈ പ്രചാരണത്തിന്റെ അവിഭാജ്യവും സുപ്രധാനവുമായ ഘടകങ്ങളാക്കി മാറ്റാൻ പ്രധാനമന്ത്രിക്കായി. പ്രചാരണം ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞ്, 2014 ഒക്ടോബർ 3ന് "മൻ കി ബാത്തിന്റെ' ആദ്യ പതിപ്പിൽ പ്രധാനമന്ത്രി ഈ ദൗത്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രചാരണത്തിൽ ആവേശത്തോടെ പങ്കുചേരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
"ആദ്യം ശൗചാലയങ്ങൾ, പിന്നീട് ക്ഷേത്രങ്ങൾ' എന്ന ആഹ്വാനം പ്രധാനമന്ത്രി നൽകി. ഒരു വർഷത്തിനകം ഇന്ത്യയിലെ 4.50 ലക്ഷം വിദ്യാലയങ്ങളിൽ ദൗത്യരൂപേണ ശൗചാലയങ്ങൾ നിർമിക്കണമെന്നും അങ്ങനെ പെൺകുട്ടികൾ ക്ലാസുകൾ ഉപേക്ഷിക്കാനോ പഠനം ഉപേക്ഷിക്കാനോ നിർബന്ധിതരാകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിൽ പെൺകുട്ടികളുടെ ഹാജർ വർധിപ്പിക്കാനും ഇത് സഹായകമായി. ദൗത്യമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ എല്ലാ വിദ്യാലയങ്ങളിലും ശൗചാലയങ്ങൾ നിർമിച്ചു എന്നത് അഭിനന്ദനാർഹമാണ്.
മലമൂത്ര വിസർജനത്തിനായി പുറത്തുപോകേണ്ടിവരുമ്പോൾ അമ്മമാരും സഹോദരിമാരും നേരിടുന്ന പ്രശ്നങ്ങളിൽ ആശങ്ക വ്യക്തമാക്കിയ പ്രധാനമന്ത്രി, മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന് മുമ്പ് എല്ലാ വീടുകളിലും ശൗചാലയങ്ങൾ നിർമിക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടു. ഇന്ത്യയിലെ 11 കോടിയോളം വീടുകളിൽ ശൗചാലയങ്ങൾ നിർമിച്ചു എന്നതും ഇപ്പോൾ അമ്മമാർക്കും സഹോദരിമാർക്കും മലമൂത്ര വിസർജനത്തിനായി വെളിയിടങ്ങളെ ആശ്രയിക്കേണ്ടതില്ല എന്നതും ഏറെ സംതൃപ്തി നൽകുന്ന കാര്യമാണ്.
2014 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി മോദി ചൂലെടുത്ത് ഡൽഹിയിലെ വാൽമീകി കോളനി വൃത്തിയാക്കി. പൊതുസ്ഥലങ്ങളിൽ മാലിന്യം കണ്ടാൽ ചൂലെടുത്ത് വൃത്തിയാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. വാരാണസിയിലെ ഗംഗാ തീരത്ത് 50 വർഷത്തിലേറെയായി മാലിന്യം അടിഞ്ഞുകൂടിയ അസി ഘട്ട് വൃത്തിയാക്കാൻ അദ്ദേഹം കൈക്കോട്ടുമായി രംഗത്തിറങ്ങി. അസി ഘട്ട് ഇപ്പോൾ ശുചിയായിരിക്കുന്നു. തദ്ദേശീയരെ കൂടാതെ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിനോദസഞ്ചാരികൾ അസി ഘട്ടിലെത്തി ആരാധന നടത്തുകയും ഗംഗയുടെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുന്നു.
വൃത്തിയുടെ കാര്യത്തിലും, വീടുകളുടെ പരിസരങ്ങളിലോ പൊതുസ്ഥലങ്ങളിലോ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിലും ജനങ്ങൾ ഇന്ന് കാണിക്കുന്ന ജാഗ്രതയ്ക്ക് മോദിയുടെ ശ്രമങ്ങളെ അഭിനന്ദിക്കണം. ആരെങ്കിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ടാൽ ഇപ്പോൾ ജനങ്ങൾ എതിർക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്കൂളുകളിലും കോളെജുകളിലും ട്രെയ്നുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോഴും ശുചീകരണ പ്രസ്ഥാനത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യും വിധം ജനങ്ങളുടെ മനോഭാവത്തിൽ വലിയ പരിവർത്തനമുണ്ടായി. രാജ്യം ഇപ്പോൾ കൂടുതൽ വൃത്തിയായി കാണപ്പെടുന്നു.
ഇതിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രി മോദിയ്ക്കാണ്. പ്രധാനമന്ത്രി അവിടം കൊണ്ടും നിർത്തിയില്ല. ജനങ്ങളെ പ്രചോദിപ്പിക്കുന്നതിനായി "മൻ കി ബാത്ത് ' പോലുള്ള പ്രധാന പരിപാടികളിൽ രാജ്യത്തുടനീളമുള്ള ശുചിത്വ പ്രചാരണവുമായി ബന്ധപ്പെട്ട സുപ്രധാന നാഴികക്കല്ലുകളും കഥകളും പങ്കിടുന്നത് അദ്ദേഹം തുടരുകയാണ്. ഇത് പൗരന്മാരിൽ അഭിമാനബോധം സൃഷ്ടിക്കുക മാത്രമല്ല, രാജ്യം വൃത്തിയായി സൂക്ഷിക്കാൻ അവർക്ക് ഊർജം പകരുകയും ചെയ്യുന്നു.
പ്രധാനമന്ത്രി മോദി ഇന്ത്യക്കാർക്കിടയിൽ ശുചിത്വത്തിന്റെ കൈത്തിരി കത്തിച്ചു വച്ചു. ഹാരപ്പൻ നാഗരികതയുടെ കാലത്ത് നിലനിന്നിരുന്ന ശുചിത്വ സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം സ്വന്തം നാട്ടുകാരോട് ആഹ്വാനം ചെയ്തു. "മൻ കി ബാത്ത് ' റേഡിയോ പരിപാടി അതിന്റെ നൂറാം പതിപ്പിലേക്ക് കടക്കുമ്പോൾ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വച്ഛ് ഭാരത് അഭിയാൻ പോലുള്ള ഒട്ടേറെ വിപ്ലവകരമായ ബഹുജന പ്രസ്ഥാനങ്ങൾക്ക് ആരംഭം കുറിക്കാൻ രാജ്യം ഒരുങ്ങുകയാണ്. നമ്മുടെ മാത്രമല്ല, ഭാവി തലമുറയുടെയും ഇഷ്ടദേശമാക്കി ഇന്ത്യയെ മാറ്റാൻ നമുക്ക് കൈകോർക്കാം.
(സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ സ്ഥാപകനാണ് ലേഖകൻ)