ചെന്നൈ: ഒരിടവേളയ്ക്കു ശേഷം തമിഴ്നാട്ടിൽ വീണ്ടും സർക്കാരും ഗവർണറുമായി ഏറ്റുമുട്ടൽ. ഗവർണർ ആർ.എൻ. രവി പങ്കെടുത്ത ചടങ്ങിൽ തമിഴകത്തിന്‍റെ ഔദ്യോഗിക ഗാനമായ തമിഴ് തായ് വാഴ്ത്തിലെ 'ദ്രാവിഡ' എന്ന പദം ഒഴിവാക്കിയെന്ന് ആരോപിച്ചും സംസ്ഥാനത്ത് ഹിന്ദി വാരാചരണം നടത്തുന്നതിനെതിരേയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയതോടെയാണു പോര് രൂക്ഷമായത്.
മലയാളിയായ മനോന്മണിയം പി. സുന്ദരം പിള്ളയാണു തമിഴകത്തെ വർണിക്കുന്ന തമിഴ് തായ് വാഴ്ത്ത് രചിച്ചത്. 'നീരാറും കടലുടുത്ത' എന്നു തുടങ്ങുന്ന തമിഴ് തായ് വാഴ്ത്തിന് ഈണം നൽകിയത് മലയാളിയായ സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥനും. ഇതു പിന്നീട് ഡിഎംകെ സർക്കാരാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഗാനമാക്കിയത്. ആലപ്പുഴ സ്വദേശിയായ സുന്ദരം പിള്ള തമിഴ് സാഹിത്യത്തിൽ തത്പരനും പണ്ഡിതനുമായിരുന്നു. തിരുനെൽവേലിയിലെ കോളെജിൽ അധ്യാപകനായിരിക്കെ എഴുതിയ തമിഴ് കാവ്യനാടകം മനോന്മണിയം പിന്നീട് അദ്ദേഹത്തിന്‍റെ പേരിനോടു ചേർന്നു.
ഇപ്പോൾ, ഇതിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കിയ ഗവർണർ ദേശീയ ഐക്യത്തെ അപമാനിച്ചെന്നാണ് സ്റ്റാലിന്‍റെ ആരോപണം. ഗവർണറെ തിരികെ വിളിക്കണമെന്നും കേന്ദ്ര സർക്കാരിനോടു സ്റ്റാലിൻ ആവശ്യപ്പെട്ടു. എന്നാൽ, മുഖ്യമന്ത്രി തനിക്കെതിരേ വംശീയ പരാമർശം നടത്തിയെന്നു ഗവർണർ ആരോപിച്ചു.
ഹിന്ദി മാസാചരണം, ചെന്നൈ ദൂരദർശന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഒരുമിച്ചാക്കിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. ഹിന്ദി ഉപയോഗിക്കാത്ത സംസ്ഥാനങ്ങളിൽ ആ ഭാഷയുടെ പേരിലുള്ള പരിപാടികൾ വേണ്ടെന്ന വാദമുയർത്തിയ സ്റ്റാലിൻ ഈ ആവശ്യമുന്നയിച്ചു പ്രധാനമന്ത്രിക്കു കത്തയച്ചു. എന്നാൽ, തമിഴ് യുവജനതയ്ക്കും വിദ്യാർഥികൾക്കും ഹിന്ദി വിരോധമില്ലെന്നു ഗവർണർ രവി തിരിച്ചടിച്ചു. തമിഴ്നാടിന്‍റെ മുക്കിലും മൂലയിലും പോയിട്ടുള്ള തനിക്ക് ഇക്കാര്യം വ്യക്തമായെന്നും രവി.
ഇതിനിടെ, ഇന്നലെ ചെന്നൈ ദൂരദർശൻ സംഘടിപ്പിച്ച പരിപാടിയിൽ ദൂരദർശനിൽ നിന്നുള്ള സംഘം "തമിഴ് തായ് വാഴ്ത്ത്' ആലപിച്ചപ്പോൾ ദ്രാവിഡ എന്ന പദം വിട്ടുപോയത് പ്രശ്നം കൂടുതൽ വഷളാക്കി.
ദക്ഷിണേന്ത്യൻ ജനതയെ സൂചിപ്പിക്കുന്ന പദമാണിതെന്നും രവി ഗവർണർ പദവിയിലിരിക്കാൻ അയോഗ്യനാണെന്നും സ്റ്റാലിൻ ആരോപിച്ചു. ദേശീയ ഗാനത്തിലെ ദ്രാവിഡ പദം അദ്ദേഹം ഒഴിവാക്കുമോ എന്നും സ്റ്റാലിൻ.
അതേസമയം, തെറ്റ് സംഭവിച്ചത് തങ്ങളുടെ ഗായക സംഘത്തിനാണെന്നു ചെന്നൈ ദൂരദർശൻ വിശദീകരിച്ചു. തനിക്കെതിരേ സ്റ്റാലിൻ വംശീയ പരാമർശം നടത്തിയെന്നു രവി പ്രതികരിച്ചു. സ്റ്റാലിന്‍റെ ആരോപണം ദൗർഭാഗ്യകരമാം വിധം തരംതാണതായി. തമിഴ് തായ് വാഴ്ത്തിനെ ഞാൻ അപമാനിച്ചെന്നാണു മുഖ്യമന്ത്രി പറയുന്നത്. എല്ലാ ചടങ്ങുകളിലും താൻ തമിഴ് തായ് വാഴ്ത്ത് പൂർണമായി ആലപിക്കാറുണ്ടെന്ന് സ്റ്റാലിനറിയാമെന്നും രവി.