ട്രെയ്‌ൻ അട്ടിമറി ശ്രമം: എൻഐഎ അന്വേഷണം തുടങ്ങി 
India

ട്രെയ്‌ൻ അട്ടിമറി ശ്രമം: എൻഐഎ അന്വേഷണം തുടങ്ങി

രണ്ടു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി റെയ്‌ൽ പാളത്തിൽ പാചകവാതക സിലിണ്ടറുകൾ, ഇരുമ്പു ദണ്ഡ്, തുടങ്ങിയവ കണ്ടെത്തിയിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി നടക്കുന്ന ട്രെയ്‌ൻ അട്ടിമറി ശ്രമങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രാഥമികാന്വേഷണം തുടങ്ങി. അട്ടിമറി നീക്കം സംഘടിതമാണോ എന്നാണു പരിശോധിക്കുന്നത്. നാലു സംഭവങ്ങളാണു പ്രധാനമായും അന്വേഷിക്കുന്നതെന്ന് എൻഐഎ വൃത്തങ്ങൾ. രണ്ടു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി റെയ്‌ൽ പാളത്തിൽ പാചകവാതക സിലിണ്ടറുകൾ, ഇരുമ്പു ദണ്ഡ്, സിമന്‍റ് സ്ലീപ്പർ, കൂറ്റൻ പാറകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഒമ്പതിന് ഉത്തർപ്രദേശിലെ കുണ്ഡഗഞ്ചിൽ പാളത്തിൽ സ്ഥാപിച്ച സിമന്‍റ് സ്ലീപ്പറിൽ ചരക്കുതീവണ്ടി ഇടിച്ചിരുന്നു. സെപ്റ്റംബർ 22ന് കാൺപുരിൽ പാളത്തിൽ എൽപിജി സിലണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിനാലാണ് മറ്റൊരു ട്രെയ്‌ൻ അപകടത്തിൽ നിന്നു രക്ഷപെട്ടത്. സെപ്റ്റംബർ എട്ടിന് കാളിന്ദി എക്സ്പ്രസും പാളത്തിൽ സ്ഥാപിച്ച പാചകവാതക സിലിണ്ടറിലിടിക്കാതെ രക്ഷപെട്ടത് ലോക്കോപൈലറ്റിന്‍റെ സമയോചിത നടപടി മൂലമായിരുന്നു.

ഇവിടെ പെട്രോൾ കുപ്പിയും തീപ്പെട്ടിയും പാളത്തിൽ നിന്നു കണ്ടെത്തി. ഓഗസ്റ്റ് 17ന് കാൺപുരിലെ ഗോവിന്ദ്പുരിയിൽ സബർമതി എക്സ്പ്രസ് പാളത്തിൽ സ്ഥാപിച്ച പാറയിൽ തട്ടി പാളം തെറ്റിയിരുന്നു. 20 കോച്ചുകളെയാണ് അപകടം ബാധിച്ചത്. തുടർച്ചയായി ഇത്തരം സംഭവങ്ങളുണ്ടായതോടെ ആസൂത്രിത അട്ടിമറി ശ്രമെന്ന സംശയം ഉയരുകയായിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കുമെന്ന് റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പെരുമ്പാവൂരിൽ 54 കന്നാസുകളിലായി വൻ സ്പിരിറ്റ് വേട്ട; കോട്ടയത്തേക്കുള്ള ലോഡെന്ന് വിവരം

വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; പ്രദേശവാസിയുടെതാണെന്ന് സംശയം

ചാവേർ ബോംബ് പൊട്ടിതെറിച്ചു; പാക്കിസ്ഥാനിൽ എട്ട് പേർ കൊല്ലപ്പെട്ടു

വ്യാജ ബോംബ് ഭീഷണി: സാമൂഹ മാധ്യമങ്ങൾക്ക് കർശന നിർദേശം

നഴ്‌സി​ങ് കോളെജുകളിൽ അധ്യാപക ക്ഷാമം