ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയുടെ ഡ്രൈവർ ശിവയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് 38 ലക്ഷത്തിന്റെ അനധികൃത ആസ്തി പിടിച്ചെടുത്തു. 22 ലക്ഷം രൂപ പണമായും 16 ലക്ഷം രൂപ മൂല്യമുള്ള ഭൂമിയുടെ രേഖകളുമാണു കണ്ടെടുത്തത്.
കോയമ്പത്തൂർ, കരൂർ ജില്ലകളിലെ ഒമ്പതു കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ബാലാജിയുടെ വിശ്വസ്തൻ സ്വാമിനാഥന്റെ വീട്, അടുത്ത ബന്ധുവായ ശാന്തിയുടെ വീട്, ഇവരുമായി ബന്ധമുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. ശാന്തിയാണു പണമടങ്ങിയ ബാഗ് തനിക്കു നൽകിയതെന്നു ശിവ മൊഴി നൽകിയിട്ടുണ്ട്.