ന്യൂഡൽഹി: ഡോക്റ്റർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിർദേശങ്ങൾ നൽകാനായി കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പു നൽകി കേന്ദ്ര സർക്കാർ. കൊൽക്കൊത്ത ആർജി കർ മെഡിക്കൽ കോളെജിൽ വനിതാ ഡോക്റ്റർ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡോക്റ്റർമാർ സമരനടപടികളുമായി മുന്നോട്ടു പോയതോടെയാണ് കേന്ദ്രസർക്കാർ നടപടി. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡോക്റ്റർമാർ സമരത്തിൽ നിന്ന് പിന്മാറി ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ ഫെഡറേഷൻ ഒഫ് റസിഡന്‍റ് ഡോക്റ്റേഴ്സ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഡൽഹിയിലെ സർക്കാർ മെഡിക്കൽ കോളെജുകളിലെയും ആശുപത്രികളിലെയും റസിഡന്‍റ് ഡോക്റ്റേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്.
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രാലയം ഉറപ്പു നൽകിയിട്ടുണ്ട്.