അജിത് ഡോവൽ 
India

'ലോകത്തിന്‍റെ സ്വത്ത്': അജിത് ഡോവലിനെ പുകഴ്ത്തി യുഎസ് അംബാസഡർ

ഉത്തരാഖണ്ഡിലെ തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നു വന്ന് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായി മാറിയ ഡോവലിന്‍റെ വളർച്ചയും പ്രവർത്തന മികവും ചൂണ്ടിക്കാട്ടിയാണ് പ്രശംസ

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്‍റെ തന്നെ സ്വത്താണെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാർസെറ്റി. ഡൽഹിയിൽ "യു.എസ്- ഇന്ത്യ ഇനിഷ്യേറ്റീവ് ഓണ്‍ ക്രിട്ടിക്കല്‍ ആൻഡ് എമര്‍ജിങ് ടെക്‌നോളജീസ്' മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരാഖണ്ഡിലെ തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നു വന്ന് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായി മാറിയ ഡോവലിന്‍റെ വളർച്ചയും പ്രവർത്തന മികവും ചൂണ്ടിക്കാട്ടിയാണ്, അദ്ദേഹം ലോകത്തിന്‍റെ തന്നെ സ്വത്താണെന്ന ഗാർസെറ്റിയുടെ പ്രശംസ.

എറിക് ഗാർസെറ്റി

ഇന്ത്യയും യുഎസും തമ്മിലുള്ള അടിയുറച്ച ബന്ധത്തിൽ ഗാർസെറ്റി മതിപ്പും രേഖപ്പെടുത്തി. ""ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വളരെ ശക്തമാണെന്നു മനസിലാക്കാം. ഇന്ത്യക്കാർക്ക് അമെരിക്കൻ ജനതയെയും അമെരിക്കൻ ജനതയ്ക്ക് ഇന്ത്യക്കാരെയും ഇഷ്ടമാണെന്നത് വളരെ സ്പഷ്ടമാണ്.

ഡിജിറ്റൽ പേയ്മെന്‍റ്സ്, ഫിനാൻഷ്യൽ ടെക്നോളജി എന്നീ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടം ലോകത്തിന്‍റെ തന്നെ ശ്രദ്ധ നേടി. ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജീവിക്കുന്ന സാധാരണക്കാർക്കു പോലും സർക്കാർ നൽകുന്ന പണം പൂർണമായും അവരുടെ ഫോണിലേക്ക് സ്വീകരിക്കാൻ സാധിക്കുന്നു. ചെറിയ ഗ്രാമങ്ങളിലെ ചായക്കടകള്‍ പോലും ഡിജിറ്റല്‍ പണമിടപാട് മാർഗങ്ങൾ ഉപയോഗിക്കുന്നു. ഡിജിറ്റല്‍ പണമിടപാടുകളുടെയും സാമ്പത്തിക സാങ്കേതിക വിദ്യകളുടേയും സാധ്യത ഇന്ത്യ ഉപയോഗപ്പെടുത്തുന്നത് ലോകം ഉറ്റുനോക്കുകയാണ്''- എറിക് ചൂണ്ടിക്കാട്ടി.

അടുത്തിടെ വിവിധ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരിൽ ഒരാൾ നടത്തിയ പരാർമശവും എറിക് ഗാർസെറ്റി പരാമർശിച്ചു: ""4ജി, 5ജി, 6ജി എന്നിങ്ങനെയുള്ള ചർച്ചകൾ നാം സ്ഥിരമായി കേൾക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയിൽ ഞങ്ങൾക്ക് അതിനേക്കാൾ കരുത്തുറ്റ ഒന്നുണ്ട് – ഗുരുജി''– ഗാർസെറ്റി പറഞ്ഞു.

അതിനിടെ, പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന തന്ത്രപധാനമായ ഇടപാടുകൾ സംബന്ധിച്ച അവസാനവട്ട ചർച്ചകൾക്കായി യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഡൽഹിയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മോദിയുടെ യുഎസ് പര്യടനത്തിന്‍റെ ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തും.

എഫ്– 404 പോർവിമാന എൻജിൻ ഇടപാടിന്‍റെ സാങ്കേതികവിദ്യാ കൈമാറ്റം, സെമി കണ്ടക്റ്റർ നിർമാണം, ക്വാണ്ടം കംപ്യൂട്ടിങ്, സൈബർ സുരക്ഷ എന്നീ രംഗങ്ങളിലെ സഹകരണം തുടങ്ങിയവ സംബന്ധിച്ച നയപരമായ കാര്യങ്ങളും ചർച്ചയാകും.

ഹിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുത്; ശബരിമല സർവീസിൽ കെഎസ്ആർ‌ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

ബോംബ് ഭീഷണി; നാഗ്പൂർ-കൊൽക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി

വിവാദങ്ങൾക്കിടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ്; മാധ്യമങ്ങൾക്ക് വിലക്ക്

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ശബരിമല നട വെള്ളിയാഴ്ച തുറക്കും; നവംബറിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി