ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ 'മികവ്' തെളിയിച്ച സ്ട്രൈക്കർ കവചിത വാഹനങ്ങളും എം777 പീരങ്കികളും ഇന്ത്യക്കു നൽകാമെന്ന് യുഎസ് സർക്കാരിന്‍റെ വാഗ്ദാനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചർച്ച നടത്തുന്നതിനു മുൻപു തന്നെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ യുദ്ധമുഖങ്ങളിൽ സജീവമായി ഉപയോഗിച്ചിരുന്ന എട്ടു ചക്രങ്ങളുള്ള കവചിതവാഹനമാണ് സ്ട്രൈക്കർ. 155എംഎം എം777 പീരങ്കികളുടെ പുതിയ പതിപ്പാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇവ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പർവതങ്ങൾക്കു മുകളിൽ വരെ എത്തിച്ച് യുദ്ധത്തിന് ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് യുഎസിന്‍റെ 'സഹായ' വാഗ്ദാനം.
എംക്യു-9 റീപ്പർ ഡ്രോണുകളാണ് മറ്റൊരു വാഗ്ദാനം. ഇതുകൂടാതെ, ജിഇ-എഫ്414 വിമാന എൻജിനുകൾ ഇന്ത്യയിൽ തന്നെ നിർമിച്ച്, സാങ്കേതികവിദ്യ പൂർണമായി കൈമാറാമെന്നും യുഎസ് ഉറപ്പ് നൽകുന്നു.
യുഎസ് മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ പരിശോധിച്ചു മാത്രമേ സ്ട്രൈക്കറും പീരങ്കിയും വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ അന്തിമ തീരുമാനമെടുക്കൂ.