ഡൽഹിയിൽ 'കേദാർനാഥ് ക്ഷേത്ര മാതൃക'; പ്രതിഷേധ മാർച്ചുമായി ഉത്തരാഖണ്ഡ് കോൺഗ്രസ്  
India

ഡൽഹിയിൽ 'കേദാർനാഥ് ക്ഷേത്ര മാതൃക'; പ്രതിഷേധ മാർച്ചുമായി ഉത്തരാഖണ്ഡ് കോൺഗ്രസ്

ഡെറാഡൂൺ: ഡൽഹിയിൽ കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃക നിർമിക്കാനുള്ള നീക്കത്തിനെതിരേ ഉത്തരാഖണ്ഡിൽ കോൺഗ്രസിന്‍റെ പ്രതിഷേധ യാത്ര. "കേദാർനാഥ് ബചാവോ' എന്ന പേരിൽ ഹരിദ്വാറിലെ ഹർ കി പൗരിയിൽ നിന്ന് പിസിസി അധ്യക്ഷൻ കരൺ മഹാരയുടെയും ഉപാധ്യക്ഷൻ മധുരുദ്രഭട്ട് ജോഷിയുടെയും നേതൃത്വത്തിൽ കേദാർനാഥ് ക്ഷേത്രത്തിലേക്ക് 16 ദിവസം നീളുന്ന യാത്രയ്ക്ക് തുടക്കമായി. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും യാത്രയിൽ പങ്കെടുത്തു.

ഡൽഹിയിലെ ബുരാരിയിൽ കേദാർനാഥിന്‍റെ മാതൃക പിന്തുടർന്നു ക്ഷേത്രം നിർമിക്കാനുള്ള നീക്കത്തിലാണു പ്രതിഷേധം. ഈ മാസം ആദ്യം ബുരാരിയിൽ നടന്ന ശിലാസ്ഥാപനച്ചടങ്ങിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പങ്കെടുത്തിരുന്നു. എന്നാൽ, കേദാർനാഥിലെ സന്ന്യാസിമാരും പൂജാരിമാരും ഇതിനെതിരേ രംഗത്തെത്തിയതോടെ ഉത്തരാഖണ്ഡ് സർക്കാർ പിന്മാറി. കേദാർനാഥും ബദരിനാഥുമുൾപ്പെടെ ഹിമാലയത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ പേര് മറ്റിടങ്ങളിൽ ഉപയോഗിക്കുന്നതിനെതിരേ നിയമം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചു.

കോൺഗ്രസിന്‍റെ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമെന്നാണു ബിജെപി നേതാവും ഉത്തരാഖണ്ഡ് മന്ത്രിയുമായ ധൻ സിങ് റാവത്തിന്‍റെ പ്രതികരണം. കോൺഗ്രസ് ഭരണകാലത്ത് കേദാർനാഥ് അവഗണിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന സർക്കാരും ചേർന്നാണ് കേദാർനാഥ് ക്ഷേത്ര നവീകരണം നടത്തിയതും ഇവിടെ വികസനം കൊണ്ടുവന്നതും. അതിന്‍റെ ക്ഷീണം തീർക്കാനാണു പ്രതിഷേധമെന്നും ധൻസിങ് റാവത്ത്. അതിനിടെ, മുഖ്യമന്ത്രി ധാമി കേദാർനാഥ് ക്ഷേത്രദർശനം നടത്തി പ്രധാന വിഗ്രഹത്തിൽ ജലാഭിഷേകം നടത്തി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു