മഹാരാഷ്ട്ര: മുംബൈയിലെ വെർസോവ-ബാന്ദ്ര സീ ലിങ്കിന് 'വീർ സവർക്കർ സേതു' എന്ന് പേരിടാന്‍ മഹാരാഷ്ട്ര മന്ത്രിസഭായോഗത്തിൽ തീരുമാനം. പണി പൂർത്തിയായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിനെ 'അടൽ ബിഹാരി വാജ്പേയി സ്മൃതി നവ ഷെവ അടൽ സേതു' എന്നും പുനർനാമകരണം ചെയ്യും.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ 140-ാം ജന്മവാർഷികമായ മെയ് 28നായിരുന്നു മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ പ്രഖ്യാപനം.
മുംബൈയിൽ വരാനിരിക്കുന്ന ബാന്ദ്ര-വെർസോവ സീലിങ്കിന് സവർക്കറുടെ പേര് നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ കേന്ദ്ര സർക്കാർ നൽകുന്ന സംസ്ഥാന ധീര പുരസ്‌കാരത്തിനും അദ്ദേഹത്തിന്‍റെ പേരു നൽകും.
രാജ്യത്തെ 2 മഹത്തായ വ്യക്തികളുടെ പേരുകൾ പാലത്തിനു നൽകുന്നതിന്‍റെ പേരിൽ വിവാദമുണ്ടാകരുതെന്ന് മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ സുധീർ മുൻഗന്തിവാർ പറഞ്ഞു.
അടുത്തിടെയായി സവർക്കറുടെ പേരിൽ നിരവധി വിവാദങ്ങളാണ് ഉയർന്നത്. സവർക്കറെയും ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെയും കുറിച്ചുള്ള അധ്യായങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 6 മുതൽ 10 വരെ കന്നഡ ക്ലാസുകളിലെ സോഷ്യൽ സയൻസ് പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കാൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ രണ്ടാഴ്ച മുമ്പ് അനുമതി നൽകിയിരുന്നു.
നേരത്തെ മാർച്ചിൽ സവർക്കറിന് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സവർക്കർ റാലികൾ നടത്തിയിരുന്നു. ശേഷം ശിവസേന ഷിന്‍ഡെ വിഭാഗത്തിന്‍റെയും ബിജെപിയുടെയും വിമർശനങ്ങൾ കടുത്ത സാഹചര്യത്തിൽ ഉദ്ധവ് താക്കറെയും എന്‍സിപിയും രാഹുലിന്‍റെ നിലപാട് തള്ളി രംഗത്തുവന്നിരുന്നു.