ന്യൂഡൽഹി: പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ശേഷം ശനിയാഴ്ച നാട്ടിലെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ ഉജ്ജ്വല സ്വീകരണം. വലിയ സുരക്ഷയാണ് ഡല്‍ഹിയില്‍ താരം വരുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയത്. ആരാധകര്‍ മാലയിട്ടും തോളിലേറ്റിയും വിനേഷിനെ സ്വീകരിച്ചു. സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
സ്വീകരണത്തിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. രാജ്യത്തിനു നന്ദിയെന്നും, ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയായ താരമാണെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സ്വീകരണം ഏറ്റുവാങ്ങി ഇന്ത്യയുടെ അഭിമാന താരം വ്യക്തമാക്കി. സ്വീകരണത്തിന് ശേഷം തുടര്‍ന്ന് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച് ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും.