'അപരാജിത ബില്‍' പാസാക്കി ബംഗാള്‍  
India

ബലാത്സംഗക്കൊലയ്ക്ക് പ്രതികൾക്ക് വധശിക്ഷ, ഇരയുടെ ചിത്രം പ്രചരിപ്പിച്ചാലും കടുത്ത ശിക്ഷ; 'അപരാജിത ബില്‍' പാസാക്കി ബംഗാള്‍

ലൈംഗികപീഡനങ്ങളില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷ

കൊല്‍ക്കത്ത: ബലാത്സംഗക്കേസുകളില്‍ പ്രതികൾക്ക് വധശിക്ഷയും അതിവേഗ വിചാരണയും ഉറപ്പു വരുത്തുന്ന 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ' പശ്ചിമ ബംഗാള്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ ബില്ലില്‍ നിര്‍ദേശിക്കുന്നു. ലൈംഗികപീഡനങ്ങളില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാര്‍ശ ചെയ്യുന്നു. അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ 5 വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും 3 മുതൽ 5 വർഷം വരെ തടവ് ശിക്ഷ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയതാലും 5 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടും. വിചാരണ നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലിൽ നിര്‍ദ്ദേശിക്കുന്നു.

അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്മെന്‍റ് ബിൽ 2024 ബംഗാള്‍ നിയമ മന്ത്രിയായ മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്. നിയമസഭ പാസാക്കിയ ബില്‍ അംഗീകാരത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നല്‍കാനാണ് മമത സര്‍ക്കാരിന്റെ തീരുമാനം. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നുമാണ് മമത ബാനർജിയുടെ മുന്നറിയിപ്പ്. എന്നാൽ, ബം​ഗാളിൽ പ്രത്യേകം നിയമ ഭേദ​​ഗതിയുടെ ആവശ്യമില്ലെന്നും നിലവിലെ നിയമത്തിൽ കർശന വ്യവസ്ഥകളുണ്ടെന്നുമാണ് കേന്ദ്ര നിലപാട്.

ബില്‍ ചരിത്രപരമാണെന്നും, മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും, അപരാജിത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബില്‍ നിയമമായാല്‍, അന്വേഷണം അതിവേഗം പൂര്‍ത്തീകരിക്കുന്നതിനായി സ്‌പെഷല്‍ അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി മമത പറഞ്ഞു. ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ബംഗാള്‍ മാറി. കല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കെഎസ്ഇബി എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുന്നു

യുഎഇയിൽ പൊതുമാപ്പ് നീട്ടുന്നതിനു മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം

കെ-ഫോൺ കണക്ഷനുകൾ നാൽപ്പതിനായിരത്തിലേക്ക്

ചതിയൻമാരെ പരാജയപ്പെടുത്തുകയും പാഠം പഠിപ്പിക്കുകയും വേണം: ശരദ് പവാർ

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ