എക്സിറ്റ് പോൾ ഫലങ്ങൾ 
India

കേരളത്തിൽ BJP അക്കൗണ്ട് തുറക്കും, LDF പൂജ്യം: എക്സിറ്റ് പോൾ

കേന്ദ്രത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്നും, നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്നും വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.

പാർലമെന്‍റിലെ കക്ഷിനില

പാർലമെന്‍റിന്‍റെ ആകെ അംഗബലം 543 ആണ്. ഇതിൽ 342 സീറ്റാണ് നിലവിൽ എൻഡിഎയ്ക്കുള്ളത്. ഇതിൽ 293 സീറ്റ് ബിജെപിയുടേത്. പ്രതിപക്ഷത്തെ 167 അംഗങ്ങളിൽ ഇപ്പോൾ 119 അംഗങ്ങളാണ് ഇന്ത്യ മുന്നണിയുടെ ഭാഗമായുള്ളത്. ഇതിൽ കോൺഗ്രസിന്‍റെ അംഗബലം 51.

കേരളത്തിൽ യുഡിഎഫ് 16-19

വിവിധ ഏജൻസികളുടെ കണക്കുകൂട്ടൽ അനുസരിച്ച് കേരളത്തിൽ യുഡിഎഫിന് 16 മുതൽ 19 സീറ്റ് വരെ ലഭിക്കാം. നിലവിൽ 19 സീറ്റാണ് മുന്നണിക്കുള്ളത്. കേരളത്തിൽ ആകെയുള്ളത് 20 ലോക്‌സഭാ സീറ്റ്. ഇതിൽ ബിജെപി ഒന്നു മുതൽ മൂന്ന് വരെ നേടാമെന്നും പ്രവചിക്കപ്പെടുന്നു. അതേസമയം, നിലവിൽ ഒരു സീറ്റ് മാത്രമുള്ള എൽഡിഎഫ് അതും നഷ്ടപ്പെടുത്തി പൂജ്യത്തിലേക്ക് ഒതുങ്ങാനുള്ള സാധ്യതയും ചില പോളുകൾ പ്രവചിക്കുന്നു. എൽഡിഎഫിനു പരമാവധി പ്രവചിക്കപ്പെടുന്നത് മൂന്ന് സീറ്റാണ്.

കേന്ദ്രത്തിൽ എൻഡിഎ 350+

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സീറ്റ് നില ഉയർത്തുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. നിലവിൽ 342 സീറ്റുള്ള എൻഡിഎ ഇക്കുറി 350 കടക്കുമെന്നാണ് പ്രവചനം. എന്നാൽ, ബിജെപി അവകാശപ്പെട്ടതു പോലെ 400 കടക്കുമെന്ന് ഒരു പോളിലും പ്രവചിക്കുന്നില്ല.

കേരളത്തിൽ ബിജെപി പ്രതീക്ഷിക്കുന്ന സീറ്റുകൾ

കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടുമെന്നു പ്രവചിക്കുന്ന ഏജൻസികൾ കണക്കാക്കുന്നത് തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയമാണ്. മൂന്ന് സീറ്റ് വരെ നേടുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനം കേരളത്തിൽ മത്സരിക്കുന്ന രണ്ടു കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യമാണ്- തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറും, ആറ്റിങ്ങലിൽ വി. മുരളീധരനും.

ഗുജറാത്തിൽ ബിജെപി സർവാധിപത്യം

ഗുജറാത്തിൽ ആകെയുള്ള 26 സീറ്റും ബിജെപി തൂത്തുവാരുമെന്ന് പ്രവചനം.

ഉത്തരാഖണ്ഡിൽ ബിജെപി

ഉത്തരാഖണ്ഡിൽ ആകെയുള്ള അഞ്ച് സീറ്റും ബിജെപി നേടുമെന്നാണ് പ്രവചനം.

ഝാർഖണ്ഡിൽ ബിജെപി

ഝാർഖണ്ഡിലെ 14 സീറ്റിൽ 13 എണ്ണവും ബിജെപി നേടുമെന്നാണ് പ്രവചനം, ഒന്ന് കോൺഗ്രസും.

ജമ്മു കശ്മീരിൽ ബലാബലം

ജമ്മു കശ്മീരിലെ 5 സീറ്റിൽ രണ്ടു മുതൽ മൂന്നു വരെ കോൺഗ്രസിനു ലഭിക്കുമെന്നാണ് പ്രവചനം. രണ്ടെണ്ണം ബിജെപിക്കും ഒന്ന് പിഡിപിക്കും പ്രതീക്ഷിക്കാം.

ആന്ധ്രയിൽ ബിജെപി 0

ആന്ധ്ര പ്രദേശിലെ 14 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്കും ടിഡിപിക്കും സീറ്റൊന്നും കിട്ടില്ലെന്നും എക്സിറ്റ് പോൾ.

കർണാടകയിൽ ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടന്ന് കർണാടകയിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്നാണ് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ നടത്തുന്ന പ്രവചനം.

എൻഡിഎയ്ക്ക് ഹാട്രിക് എന്നു പ്രവചനം

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 353-368 സീറ്റ് നേടി അധികാരം നിലനിർത്തുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പോൾ പ്രവചനം. നിലവിൽ 342 സീറ്റാണ് എൻഡിഎയ്ക്കുള്ളത്.

ഇതേ പ്രവചനത്തിൽ ഇന്ത്യ മുന്നണിക്ക് കണക്കാക്കുന്നത് 118 മുതൽ 133 സീറ്റ് വരെയാണ്. മറ്റുള്ളവർക്ക് 43 മുതൽ 48 വരെയും.

തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണി

തമിഴ്‌നാട്ടിലെ 39 സീറ്റിൽ, ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി 36 മുതൽ മുഴുവൻ സീറ്റും നേടാം എന്നാണ് പ്രവചനം. ഇവിടെ എൻഡിഎയ്ക്ക് പ്രതീക്ഷിക്കാവുന്നത് പരമാവധി മൂന്ന് സീറ്റ്.

കേരളത്തിൽ യുഡിഎഫിനു മുൻതൂക്കമെന്ന് സിഎൻഎൻ ന്യൂസ് 18

കേരളത്തിൽ യുഡിഎഫ് 15 മുതൽ 18 സീറ്റ് വരെ നേടുമെന്നാണ് സിഎൻഎൻ ന്യൂസ് 18 പ്രവചനം. ഇവരുടെ കണക്ക് പ്രകാരം എൽഡിഎഫിന് രണ്ട് മുതൽ അഞ്ച് സീറ്റ് വരെ ലഭിക്കും. ബിജെപിക്ക് ഒന്നു മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കാമെന്നും പ്രവചനം.

നിലവിൽ കേരളത്തിൽ ആകെയുള്ള 20 സീറ്റിൽ 19 എണ്ണം യുഡിഎഫിന്‍റേതും ഒന്ന് എൽഡിഎഫിന്‍റേതുമാണ്.

കേരളത്തിൽ എൽഡിഎഫ് 0?

കേരളത്തിൽ എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നാണ് എബിപി-സി പ്രവചനം. 17 മുതൽ 19 സീറ്റ് വരെ യുഡിഎഫിനു ലഭിക്കുമെന്നും, ബാക്കി ബിജെപിക്കു ലഭിക്കുമെന്നും കണക്കാക്കുന്നു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ?

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് വിവിധ എബിപി-സി, ടൈംസ് നൗ-ഇടിജി തുടങ്ങിയവ നടത്തിയ എക്സിറ്റ് പോളുകളുടെ പ്രവചനം. ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കുമെന്നാണ് എബിപി-സി പറയുന്നത്. ഒരു സീറ്റെന്ന് ടൈംസ് നൗ-ഇടിജി

എക്സിറ്റ് പോളിന്‍റെ വിശ്വാസ്യത

2014ലെ എക്സിറ്റ് പോളിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്നാണ് എക്സിറ്റ് പോളുകൾ പൊതുവേ പ്രവചിച്ചത്. അതു യാഥാർഥ്യമാകുകയും ചെയ്തു.

എന്നാൽ, യുപിഎ അധികാരത്തിലേറിയ 2004, 2009 വർഷങ്ങളിൽ എക്സിറ്റ് പോൾ ഫലങ്ങൾ യഥാർഥ തെരഞ്ഞെടുപ്പ് ഫലവുമായി വലിയ ബന്ധമില്ലാത്തതായിരുന്നു.

അതേസമയം, 2019ലെത്തിയപ്പോൾ ബിജെപി വിജയം തന്നെയാണ് എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

അടുത്ത അഞ്ച് വർഷം ആരു ഭരിക്കും

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ തുടരെ മൂന്നാം വട്ടവും അധികാരത്തിലേറുമോ? അതോ വിശാല പ്രതിപക്ഷ ഐക്യമായ ഇന്ത്യ മുന്നണി അധികാരം പിടിച്ചെടുക്കുമോ?

പോളിങ് പൂർത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിലെ പോളിങ് പൂർത്തിയായി. എക്സിറ്റ് പോൾ ഫലങ്ങൾ അൽപ്പ സമയത്തിനകം ലഭ്യമാകും.

ലൈവ് അപ്ഡേറ്റ്സ്

എക്സിറ്റ് പോൾ ഫലങ്ങളുടെ തത്സമയ വിവരങ്ങൾ മെട്രൊ വാർത്തയിൽ വായിക്കാം.

പോളിങ് പൂർത്തിയാകുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടം പോളിങ് ശനിയാഴ്ച പൂർത്തിയാകുന്നു. പോളിങ് സമയം അവസാനിക്കുന്ന ആറ് മണി മുതൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video

താജ് മഹലും ആഗ്ര ഫോർട്ടും കാണാം; സന്ദർശനം തികച്ചും സൗജന്യം