കർണാടകയിൽ കൂടി അധികാരം നഷ്ടപ്പെട്ടാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭരണസാന്നിധ്യത്തിൽ നിന്ന് ബിജെപി പൂർണമായി തുടച്ചുനീക്കപ്പെടും.
നിലവിൽ ഇവിടെ മാത്രമാണ് പാർട്ടിക്ക് ദക്ഷിണേന്ത്യയിൽ അധികാരമുള്ളത്. കർണാടകയും കൈവിട്ടാൽ പാർട്ടിയുടെ പാൻ ഇന്ത്യൻ പ്രതിച്ഛായ തന്നെയാണ് തകരുക. ഉത്തരേന്ത്യക്കാരുടെ ഹിന്ദുത്വ പാർട്ടി എന്ന നിലയിലേക്ക് പാർട്ടി ഒതുങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് നേതാക്കൾ.
പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ നേരിട്ടു നയിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം റോഡ് ഷോകൾ നടത്തിയ, പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം താര പ്രചാരകരായെത്തിയ കർണാടകയിൽ അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേരിടുന്നത്.
എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രവചിച്ചിരുന്നതിനെക്കാൾ കടുത്ത തിരിച്ചടിയാണ് നിലവുള്ള സൂചനകളനുസരിച്ച് പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്.