India

മെഡലുകൾ ഗംഗയിലെറിയും; നിരാഹാര സമരത്തിനൊരുങ്ങി ഗുസ്തി താരങ്ങൾ

ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് ഹരിദ്വാറിലെത്തി മെഡലുകൾ ഗംഗയിലൊഴുക്കാനാണ് തീരുമാനം

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ നടപടിയെടുക്കാത്ത പക്ഷം തങ്ങൾക്കു ലഭിച്ച മെഡലുകൾ ഗംഗയിലൊഴുക്കി ഇന്ത്യാ ഗേറ്റിനു മുൻപിൽ മരണം വരെ നിരാഹാര സമരമിരിക്കുമെന്ന് ദേശീയ ഗുസ്തി താരങ്ങൾ.

പ്രധാനമന്ത്രി ഞങ്ങളെ നമ്മുടെ പെൺമക്കൾ എന്നാണ് അഭിസംബോധന ചെയ്തത്. പക്ഷേ, അത്തരത്തിലുള്ള യാതൊരു പരിഗണനയും അദ്ദേഹം ഞങ്ങൾക്ക് നൽകിയില്ല

ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് ഹരിദ്വാറിലെത്തി തങ്ങൾ പൊരുതി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കാനാണ് തീരുമാനം.

ഈ മെഡലുകൾ ഞങ്ങളുടെ ജീവിതവും ആത്മാവുമാണ്. ഇവ ഞങ്ങൾ ഗംഗയിലൊഴുക്കുകയാണ്. മെഡലുകൾ ഉപേക്ഷിച്ചതിനു ശേഷം ജീവിച്ചിരിക്കുന്നതിനലർഥമില്ലാത്തതിനാൽ ഇന്ത്യാ ഗേറ്റിനു മുൻപിൽ മരണം വരെ നിരാഹാരമിരിക്കുമെന്നും താരങ്ങൾ സംയുക്തമായിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ഞങ്ങളെ നമ്മുടെ പെൺമക്കൾ എന്നാണ് അഭിസംബോധന ചെയ്തത്. പക്ഷേ അത്തരത്തിലുള്ള യാതൊരു പരിഗണനയും അദ്ദേഹം ഞങ്ങൾക്ക് നൽകിയില്ല. പകരം കുറ്റാരോപിതനെ അദ്ദേഹം പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയുടെ പെൺമക്കൾക്ക് എവിടെയാണ് അഭയം എന്നും സംയുക്തമായിറക്കിയ പ്രസ്താവനയിൽ താരങ്ങൾ കുറിച്ചിട്ടുണ്ട്.

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ദിനത്തിൽ പാർലമെന്‍റിനു മുന്നിൽ പ്രതിഷേധത്തിനൊരുങ്ങിയ താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. താരങ്ങളെ പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴി വച്ചു. താരങ്ങളടക്കമുള്ള സമരാനുകൂലികളെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ജന്ദർ മന്ദറിലെ സമരവേദി പൊലീസ് പൊളിച്ചു നീക്കി. താരങ്ങളെ ഇനി സമരപ്പന്തലിൽ പ്രവേശിപ്പിക്കില്ലെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു.

അതിക്രമത്തിനു ശേഷം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നീ താരങ്ങൾ അടക്കം 12 പേർക്കെതിരേ നിയമവിരുദ്ധമായ സംഘം ചേരൻ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം 7 പേരാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇയാൾക്കെതിരേ നടപടി സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ല.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video

ബിജെപി - എൻസിപി ചർച്ചയ്ക്ക് ആതിഥ്യം വഹിച്ചത് അദാനി തന്നെ: പവാർ