ന്യൂഡൽഹി: പശ്ചിമബംഗാളിലെ ആർ ജി കർ മെഡിക്കൽ കോളെജിൽ വനിതാ ഡോക്റ്റർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.
ഓഗസ്റ്റ് 9ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഡോക്റ്റർമാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്.
പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കണ്ണിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. മുഖത്തും നഖങ്ങളിലും മുറിവുകൾ ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതു കൈ, മോതിരവിരൽ, ചുണ്ട് എന്നീ ഭാഗങ്ങളിലും പരുക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാൽ ശ്വാസ തടസമുണ്ടായതായും അതാണ് മരണ കാരണമെന്നും കൊൽക്കത്ത പൊലീസ് വ്യക്തമാക്കുന്നു.