ന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ മെഡിക്കൽ കോളെജുകളുടെ എണ്ണത്തിൽ 110 ശതമാനം വർധനവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. മെഡിക്കൽ കോളെജുകളുടെ എണ്ണം 387 ൽ നിന്ന് 704 ആയി. എംബിബിഎസ് സീറ്റുകളുടെ എണ്ണത്തിൽ 110 ശതമാനം വർധനവുണ്ട്. 51,384 സീറ്റിൽ നിന്ന് 107948 സീറ്റുകളായി വർധിച്ചതായും മന്ത്രി പാർലമെന്‍റിൽ അറിയിച്ചു.
ആരോഗ്യരംഗത്തെ പുരോഗമനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അസ്സമിലടക്കം 101 പുതിയ മെഡിക്കൽ കോളെജുകൾക്ക് അംഗീകാരം നൽകി. പിജി സീറ്റുകളുടെ എണ്ണത്തിൽ 117 ശതമാനത്തിന്‍റെ വർധനവുണ്ടായിട്ടുണ്ട്. 2014 ൽ 31,185 പിജി സീറ്റുകളിൽ നിന്ന് 67,082 സീറ്റുകളായി ഉയർന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നു ഘട്ടങ്ങളിലായി 157 മെഡിക്കൽ കോളെജുകൾക്ക് അംഗീകാരം നൽകാനാണ് സർക്കാരിന്‍റെ തീരുമാനം. 107 മെഡിക്കൽ കോളെജുകൾ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.