ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി സംഘടിപ്പിക്കുന്ന അത്താഴവിരുന്നിൽ പ്രതിപക്ഷത്തെ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതിനെതിരെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.
രാജ്യത്തെ 60% ജനങ്ങളുടെയും നേതാവിനെ ബിജെപി അത്താഴ വിരുന്നിലേക്ക് ക്ഷണിക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇതിനായി അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജി20 ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴ വിരുന്നിലേക്ക് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർക്ക് ക്ഷണമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുഖ്യമന്ത്രിമാർക്ക് ക്ഷണമുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഡോ.മൻമോഹൻ സിങ്, എച്ച്.ഡി. ദേവെഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ജി20 സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടു മുമ്പായി ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.