റോയ് റാഫേൽ
ദുബായ്: അമിതമായ വിമാന ടിക്കറ്റ് നിരക്കുമൂലം ദുരിതമനുഭവിക്കുന്ന ഗൾഫ് മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷയുടെ ചിറകുകൾ നൽകി യുഎയിലെ മലയാളി സംരംഭകൻ. സ്വന്തമായി എയർലൈൻ കമ്പനി തുടങ്ങാനുള്ള അൽ ഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസിന്‍റെ പരിശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്.
അടുത്ത വർഷം ജനുവരിയോടെ ആദ്യ വിമാനം പറന്നുയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങാനുള്ള അനുമതി അൽ ഹിന്ദിന് ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവള അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലാൻഡിങ്ങ് അനുമതിക്ക് വേണ്ട എല്ലാ രേഖകളും സമർപ്പിച്ചു.
ആദ്യ ഘട്ടത്തിൽ മൂന്ന് എടിആർ - 72 ടർബോപ്രോപ് വിമാനങ്ങളുമായി ഇന്ത്യൻ നഗരങ്ങളിലേക്കാണ് സർവീസ്. ഒന്നര വർഷത്തിനുള്ളിൽ 20 വിമാനങ്ങളുമായി അന്തർദേശീയ സർവീസ് തുടങ്ങാനാണ് അൽ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ആദ്യ അന്തർദേശിയ ഡെസ്റ്റിനേഷൻ യുഎഇ ആയിരിക്കുമെന്ന് മുഹമ്മദ് ഹാരിസ് അഭിമാനത്തോടെ പറയുന്നു. പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയും ഡയറക്ടർ ജനറലും പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അൽ ഹിന്ദ് ചെയർമാൻ.
അൽ ഹിന്ദിന്‍റെ എയർലൈൻ കമ്പനിയുടെ ആസ്ഥാനം കൊച്ചിയായിരിക്കും എന്നാണ് റിപ്പോർട്ട്. ഇരുപത് വർഷത്തോളമായി യുഎയിലെ ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഗ്രൂപ്പിന് എട്ട് മില്യൺ ദിർഹത്തിന്‍റെ വാർഷിക വിറ്റുവരവുണ്ട്.