റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസിഡറാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ വ്യവസായിക പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ കരുത്താർജിക്കുന്നതിന് ഊർജ്ജമായെന്നും മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ലുലുവിനുള്ളതെന്നും മന്ത്രി പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പടെ ജിസിസിയിലെ ഭരണനേതൃത്വങ്ങൾ നൽകുന്ന മികച്ച പിന്തുണയ്ക്കും ഉപയോക്താക്കളുടെ സ്വീകാര്യതയ്ക്കും നന്ദി അറിയിക്കുന്നുവെന്നും എം.എ. യൂസഫലി വ്യക്തമാക്കി.
3800 സ്വദേശികളാണ് സൗദിയിലെ 65 ഹൈപ്പർമാർക്കറ്റുകളിലായി ജോലി ചെയ്യന്നത്. അടുത്ത രണ്ട് വർഷത്തിനകം സൗദിയിൽ നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ലുലുവെന്നും ഇതോടെ പതിനായിരം സൗദി സ്വദേശികൾക്കാണ് തൊഴിൽ ലഭിക്കുകയെന്നും അദേഹം കൂട്ടിചേർത്തു.
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ലഡാക്ക് അപ്പിൾ, ജൈവ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, മില്ലറ്റ്സ് തുടങ്ങി അമ്പതിലേറെ ഇന്ത്യൻ ഉത്പന്നങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.