അബുദാബീ: പ്രവാസി ഇന്ത്യൻ കൗമാര താരം റിയാൻ മൽഹാനിലൂടെ ബാഡ്‌മിന്‍റൺ അണ്ടർ 17, അണ്ടർ 15 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി. യുഎഇ രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ ബാഡ്‌മിന്‍റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലാണ് ദുബായ് ജെം പ്രൈവറ്റ് സ്കൂൾ വിദ്യാർത്ഥിയായ 14 കാരൻ റിയാൻ മൽഹാൻ നേടിയത്. ചൈനയിലെ ചെങ്കുടുവിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കല മെഡലാണ് ഈ കൗമാര പ്രതിഭ സ്വന്തമാക്കിയത്.
സെമിയിൽ ചൈനയുടെ കിയാങ്ങ് ജിയ സിങിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് റിയാൻ കീഴടങ്ങിയത്. (21 -16 ,21 -17 ) ചൈന, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സമർത്ഥരായ താരങ്ങളോടാണ് മത്സരിച്ചതെന്നും യുഎഇ ക്ക് വേണ്ടി ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരമായി മാറാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും റിയാൻ പറഞ്ഞു.
വെങ്കല മെഡൽ നേട്ടത്തിൽ അവസാനിക്കുന്നില്ല റിയാൻ മൽഹാന്‍റെ കോർട്ടിലെ സ്വപ്‌നങ്ങൾ. അടുത്ത ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുക എന്നതാണ് അടുത്ത ലക്ഷ്യം. 2026 ലെ യൂത്ത് ഒളിമ്പിക്‌സും 2028 ലെ ഒളിമ്പിക്‌സും റിയാന്‍റെ സ്വപ്‍ന വേദികളാണ്. മാതാപിതാക്കൾ ഇന്ത്യക്കാരെങ്കിലും താൻ ജനിച്ചത് ദുബായിലാണെന്നും യുഎഇ യെ ഒളിംപിക്സിൽ പ്രതിനിധീകരിക്കാൻ സാധിക്കുന്നത് അഭിമാനകരമായ അനുഭവമാകുമെന്നും ഈ കുട്ടി പ്രതിഭ വ്യക്തമാക്കുന്നു.വിപുൽ-വസുധ ദമ്പതികളുടെ മകനാണ് റിയാൻ. പിതാവ് വിപുൽ ബാഡ്‌മിന്‍റൺ സംസ്ഥാന താരമായിരുന്നു.