വ്യാജ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങി നിരവധി പേർ: ബോധവത്കരണവുമായി ബിസിനസ് സെറ്റപ്പ് രംഗത്തെ പ്രമുഖർ  
Pravasi

വ്യാജ വിസ വാഗ്ദാനങ്ങൾക്കെതിരേ കരുതിയിരിക്കുക

ദുബായ്: കുറഞ്ഞ നിരക്കിൽ വിസയും ലൈസൻസും നൽകാമെന്ന വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി നിരവധി പേർ ദുരിതമനുഭവിക്കുന്നതായി ബിസിനസ് സെറ്റപ്പ് രംഗത്തെ പ്രമുഖർ പറയുന്നു. ഫ്രീലാൻസ് വിസ, പാർട്ണർ വിസ തുടങ്ങിയവയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. യുഎയിലെവിടെയും യഥേഷ്ടം ജോലി ചെയ്യാൻ സാധിക്കുന്നതാണ് ഫ്രീലാൻസ് വിസ എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടർ ആദ്യം ചെയ്യുന്നത്.

ഈ അർഥത്തിൽ യുഎഇ സർക്കാർ ഫ്രീലാൻസ് വിസ നൽകുന്നില്ല എന്നതാണ് യാഥാർഥ്യമെന്ന് ബിസിനസ് സെറ്റപ്പ് രംഗത്ത് പ്രവർത്തിക്കുന്ന മൾട്ടി ഹാന്‍റ്സ് ബിസിനസ്‌മെൻ സർവീസ് ഗ്രൂപ്പിന്‍റെ സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം സ്പോൺസർഷിപ്പിൽ മാതാപിതാക്കളെയോ വീട്ടുജോലിക്കാരെയോ കൊണ്ടുവരാൻ സാധിക്കാത്തവരാണ് തട്ടിപ്പുകാരുടെ ഇരകൾ. ഇവർ വിസക്ക് വേണ്ടി നൽകുന്ന രേഖകൾ ഉപയോഗിച്ച് ട്രേഡ് ലൈസൻസ് എടുക്കുകയും അതിൽ ഒരു പാർട്ണർ വിസ നൽകുകയും ചെയ്യും. ഇവരിൽ നിന്ന് വിസയുടെ തുക ഈടാക്കുകയും ചെയ്യും. പിന്നീട് ഇതേ ട്രേഡ് ലൈസൻസിൽ മറ്റുപലർക്കും പാർട്ണർ വിസയും തൊഴിൽ വിസയും നൽകും.

ഇതൊന്നും യഥാർഥ ലൈസൻസ് ഉടമ അറിയുകയുമില്ല. ഒരു വർഷം കഴിയുമ്പോൾ ലൈസൻസിന്‍റെ കാലാവധി അവസാനിക്കുകയും ഈ ലൈസൻസിന് കീഴിൽ ഉള്ള തൊഴിൽ വിസക്കാരുടെ ഉത്തരവാദിത്വം പാർട്ണർമാരുടെ ചുമലിൽ ആവുകയും ചെയ്യും.

തൊഴിൽ വിസയിലുള്ളവർ വിസ റദ്ദാക്കുന്നതിന് വേണ്ടി വിളിക്കുമ്പോൾ ലൈസൻസ് ഉടമയെ കിട്ടാതെ വരും.അപ്പോൾ അവർ ലേബർ കോടതിയിൽ പരാതി നൽകും.അങ്ങനെ കോടതിയിൽ നിന്ന് വിളി വരുമ്പോഴാണ് തങ്ങൾ തൊഴിൽ ദാതാക്കളാണെന്ന "സത്യം "പലരും തിരിച്ചറിയുന്നത്.

രണ്ട് വർഷത്തെ വിസയെടുത്തവർ ഇതോടെ വലിയ കെണിയിൽ അകപ്പെടുമെന്ന് മൾട്ടി ഹാൻഡ്‌സ് ഡയറക്ടർ കെ.കെ.സി. ദാവൂദ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായ വ്‌ളോഗർമാരും ഇൻഫ്ളുവൻസർമാരും പങ്കുവെക്കുന്ന പ്രമോമോഷൻ വീഡിയോകൾ കണ്ടിട്ടാണ് പലരും ഈ ചതിയിൽ അകപ്പെടുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ബിസിനസ് സെറ്റപ്പ് രംഗത്ത് പ്രവർത്തിക്കുന്ന വിശ്വാസ്യതയില്ലാത്ത ചില സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്നും ഇവർ ചൂണ്ടിക്കാട്ടി.

നിയമത്തിന്‍റെ പഴുതുകൾ ദുരുപയോഗം ചെയ്ത് ഇത്തരം വിസാ കച്ചവടം നടത്തുന്നവർ നിയമപ്രകാരം ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് പേരുദോഷം ഉണ്ടാക്കുമെന്നും ഇവർ പറയുന്നു. യുഎഇ സർക്കാർ നൽകുന്ന വിസകളുടെ നിരക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്നിരിക്കെ, കുറഞ്ഞ നിരക്കിൽ വിസ എന്ന ഓഫറിന് പിന്നിലെ വഞ്ചന തിരിച്ചറിയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഇത്തരം കെണിയിൽ അകപ്പെട്ടാൽ രക്ഷപ്പെടുക എളുപ്പമല്ല.ലേബർ കോടതിയിൽ പരാതിപ്പെട്ടാൽ രണ്ടാഴ്ച്ചക്ക് ശേഷം തൊഴിൽ വിസ ക്യാൻസൽ ചെയ്ത് കിട്ടിയേക്കാം.എന്നാൽ പാർട്ണർ വിസ ക്യാൻസൽ ചെയ്യാൻ ബുദ്ധിമുട്ട് നേരിടും. അനധികൃത താമസക്കാരനായി രാജ്യത്ത് തുടരേണ്ട ഗതികേടിലെത്തും.

റിമോട്ട് വർക്ക് വിസയുടെ പേരിലും സമാനമായ തട്ടിപ്പ് നടക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ബിസിനസ് സെറ്റപ്പ് സ്ഥാപനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചില്ലെങ്കിൽ ഈ രംഗത്തും സ്വദേശിവൽക്കരണം വന്നുകൂടായ്കയിലെന്ന് ഇവർ ആശങ്കപ്പെടുന്നു.

മൾട്ടി ഹാൻഡ്‌സ് ഡയറക്ടർമാരായ അബ്ദുല്ല മഹമൂദ്, ടി.വി. ശവാദ്, ഇ.സി. യാസർ, കെ.കെ.സി. ദാവൂദ് എന്നിവരും സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ അൻഷാദ് കാഞ്ഞങ്ങാട്, എം.കെ. ഹാഷിർ, സി.എ. റഷീദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം