അബുദാബി: വാട്സ്ആപ്പ് വഴി വ്യാജ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ നാല് പേരെ യുഎഇ കോടതി തടവ് ശിക്ഷക്ക് വിധിച്ചു. ഇരയായ സ്ത്രീയുടെ ശ്രദ്ധ ആകർഷിക്കാൻ വാട്സ്ആപ്പ് വഴി വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതായി കോടതി കണ്ടെത്തി. വേഗത്തിൽ ഇരട്ടിയായി തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ പണം തിരികെ കൊടുത്തില്ലെന്ന് പ്രോസിക്യൂഷൻ സമർത്ഥിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോടതി നാലുപേർക്കും മൂന്ന് മാസം വീതം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും.
സൈബർ തട്ടിപ്പിനിരയായാൽ എത്രയും വേഗം സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കണമെന്നും ഫോണിൽ വരുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.