ഷാർജ: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, മകൻ ഡോ. രോഹിത് ചെന്നിത്തലയുടെയും പുസ്തകങ്ങൾ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു. രമേശ് ചെന്നിത്തലയുടെ 'രമേശ് ചെന്നിത്തല പിടിച്ചു കെട്ടിയ അഴിമതികൾ' എന്ന പുസ്തകം ഷെയ്ഖ് സൈഫ് ബിൻ അബ്ദുള്ള അൽ ഷംസി പ്രകാശനം ചെയ്തു. എലൈറ്റ് ഗ്രൂപ് ഉടമ ആർ. ഹരികുമാർ ഏറ്റുവാങ്ങി. ഡോ. രോഹിത് ചെന്നിത്തലയുടെ 'എന്‍റെ ചിന്തകൾ, അറിയുക നിങ്ങളുടെ സ്വാതന്ത്ര്യ സമര സേനാനികളെ' എന്ന പുസ്‌തകം സുൽത്താൻ മജീദ് അൽ ഷംസി പ്രകാശനം ചെയ്തു. വി.ടി. സലീം പുസ്തകം ഏറ്റുവാങ്ങി. മുൻ എംപി ടി.എൻ. പ്രതാപൻ ചടങ്ങിൽപങ്കെടുത്തു.
രമേശ് ചെന്നിത്തലയുടെ പുസ്തകം എഴുതിയിരിക്കുന്നത് മുതിർന്ന മാധ്യമ പ്രവർത്തകനായ ബി.വി. പവനൻ ആണ്. രോഹിതിന്‍റെ പുസ്തകം ഒരച്ഛൻ ജനിക്കാൻ പോകുന്ന കുഞ്ഞിന് എഴുതുന്ന കത്തുകളാണ്. ഈ പുസ്തകത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന നേതാക്കളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മഹാദേവൻ വാഴശ്ശേരിൽ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സഞ്ജു പിള്ള, എസ്.എസ്. ലാൽ തുടങ്ങിയവർ പങ്കെടുത്തു. ടി.എൻ. പ്രതാപന്‍റെ 'അച്ഛൻ വന്ന് വിളക്കൂതി' 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' എന്നിവയാണ് പ്രകാശനം ചെയ്തത്. വൈകാതെ രണ്ട് പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്യുമെന്ന് പ്രതാപൻ അറിയിച്ചു.