ക്രൂസ് കൺട്രോൾ തകരാറിലായി; ഭയന്ന ഡ്രൈവറെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  
Pravasi

ക്രൂസ് കൺട്രോൾ തകരാറിലായി; ഭയന്ന ഡ്രൈവറെ ദുബായ് പൊലീസ് രക്ഷിച്ചു

പെട്ടെന്നുണ്ടായ ക്രൂസ് കൺട്രോൾ തകരാർ മൂലം ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാനാവാതെ വരുകയായിരുന്നു

ദുബായ്: അപ്രതീക്ഷിതമായി ക്രൂസ് കൺട്രോൾ തകരാറിലായ വാഹനത്തിന്‍റെ ഡ്രൈവറെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുമായി ഏകോപിപ്പിച്ച് ദുബായ് പൊലീസിന്‍റെ ട്രാഫിക് പട്രോളിംഗ് സംഘം രക്ഷപ്പെടുത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അടിയന്തര സഹായം അഭ്യർത്ഥിച്ച് ഡ്രൈവർ എമർജൻസി നമ്പറിൽ (999) വിളിക്കുകയായിരുന്നു. ഉടൻ പ്രതികരിച്ച് അദേഹത്തിന് രക്ഷയാവാൻ പൊലീസിന് സാധിച്ചു.

സഹായത്തിനായുള്ള ഡ്രൈവറുടെ അഭ്യർഥനയോട് ട്രാഫിക് പട്രോളിങ് ഉദ്യോഗസ്ഥർ അതിവേഗമാണ് പ്രതികരിച്ചത്. നിമിഷങ്ങൾക്കകം അവർ വാഹനത്തിനടുത്തെത്തി. അതിനു മുമ്പിൽ എത്തിയ മറ്റൊരു പട്രോൾ വാഹനത്തിന്‍റെ സഹായത്തോടെ ക്രമേണ വാഹനം നിർത്താൻ ശ്രമിച്ചു. ഈ വേഗത്തിലുള്ള പ്രവർത്തനം ട്രാഫിക് അപകടത്തിൽ നിന്നും ഡ്രൈവർക്ക് കാറിന്‍റെ പൂർണ്ണ നിയന്ത്രണം നഷ്‌ടപ്പെടുന്നതിൽ നിന്നും തടഞ്ഞു.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബിയിലേക്ക് പോകുന്ന വാഹനത്തെക്കുറിച്ച് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ നിന്ന് ട്രാഫിക് പട്രോളിംഗിന് റിപ്പോർട്ട് ലഭിച്ചതായി സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഓപ്പറേഷൻസ് അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റന്‍റ് കമാൻഡന്‍റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. പെട്ടെന്നുണ്ടായ ക്രൂയിസ് കൺട്രോൾ തകരാർ മൂലം ഡ്രൈവർക്ക് നിയന്ത്രിക്കാനാവാതെ വരികയായിരുന്നു.

'ട്രാഫിക് പട്രോളിംഗ് ഉടൻ തന്നെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് എത്തി എക്‌സ്‌പോ പാലം കടന്ന വാഹനത്തെ കണ്ടു. അതിവേഗ ട്രാക്കിൽ വലിയ അപകടം ഉണ്ടാകുന്നത് മുൻകൂട്ടിക്കണ്ട് പട്രോളിംഗ് വേഗത്തിൽ അതിന്‍റെ ചുറ്റുമുള്ള പ്രദേശം സുരക്ഷിതമാക്കി. മറ്റ് വാഹനമോടിക്കുന്നവർക്കായി മുന്നറിയിപ്പ് അടയാളങ്ങൾ സജീവമാക്കി'' മേജർ ജനറൽ അൽ മസ്‌റൂയി വിശദീകരിച്ചു. ഇതിന് ശേഷം വാഹനത്തെ നിയന്ത്രിക്കാൻ സാധിച്ചു'.

ക്രൂസ് കൺട്രോൾ സംവിധാനം തകരാറിലായാൽ എന്ത് ചെയ്യണം?

  • മനഃസാന്നിധ്യം കൈവിടാതിരിക്കുക, ശാന്തമാവുക എന്നതാണ് പരമപ്രധാനം.

  • സീറ്റ് ബെൽറ്റ് ശരിയായ രീതിയിൽ ഉറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, ഹസാർഡ് ലൈറ്റുകളും ഹെഡ്‌ലൈറ്റും പ്രവർത്തിപ്പിക്കുക

  • ഗിയർ ന്യൂട്രലിലേക്ക് മാറ്റുക, എൻജിൻ ഓഫാക്കി ഉടൻ സ്റ്റാർട്ടാക്കുക.

  • ഈ നീക്കം പരാജയപ്പെട്ടാൽ ശക്തിയിൽ സ്ഥിരമായി ഒരേ മർദത്തിൽ ബ്രേക്ക് അമർത്തുക.

  • ഇതും ശരിയാവാതെ വന്നാൽ സ്റ്റിയറിങ്ങ് വീലിലെ ഗ്രിപ്പ് നിലനിർത്തികൊണ്ട് ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുക.

  • അല്ലെങ്കിൽ ന്യൂട്രലിൽ നിന്ന് ഡ്രൈവ് രീതിയിലേക്ക് മാറ്റുക,എന്നിട്ട് വാഹനം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുക.

  • പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലെ എമർജൻസി നമ്പറിൽ (999) ഉടൻ ബന്ധപ്പെടുക

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?