ദുബായ്: ദുബായ് ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക്കിന്‍റെ മൂന്നാം പതിപ്പ് നവംബർ 20ന് ഇത്തിഹാദ് മ്യൂസിയത്തിൽ ആരംഭിക്കും. വളർന്നു വരുന്ന പ്രതിഭകളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവൽ നടത്തുന്നത്. മികച്ച ശബ്ദ പ്രകടനം, മികച്ച അറബിക് ഉപകരണ സംഗീത മികവ് (ഊദ്), മികച്ച ക്ലാസിക്കൽ ഉപകരണ പ്രകടനം, (വയലിൻ), മികച്ച പിയാനോ പെർഫോമൻസ്, മികച്ച എൻസെംബിൾ പെർഫോമൻസ് എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളിലായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 85ലധികം പ്രതിഭകൾ മത്സരിക്കും. പ്രശസ്ത യുഎഇ കവിയും 60ലധികം കവിതാ-സാഹിത്യ കൃതികളുടെ രചയിതാവുമായ ഡോ. ആരിഫ് അൽ ശൈഖിനെ ഫെസ്റ്റിവലിൽ ആദരിക്കുമെന്ന് ദുബായ് കൾച്ചർ പെർഫോമിംഗ് ആർട്‌സ് ഡിപ്പാർട്ട്‌മെന്‍റ് ആക്ടിംഗ് ഡയറക്ടർ ഫാത്മ അൽ ജലാഫ് പറഞ്ഞു.
സാമൂഹിക മൂല്യങ്ങളും പാരമ്പര്യങ്ങളും പ്രതിഫലിപ്പിക്കുന്നതും പ്രാദേശികമായി നിർമിക്കപ്പെടുന്നതുമായ ഒറിജിനൽ, ഡോക്യുമെന്‍റഡ് സംഗീത സൃഷ്ടികൾ സമർപ്പിക്കാൻ 15 മുതൽ 35 വരെ പ്രായമുള്ള യുവ എമിറാത്തികൾ യുഎഇ ആസ്ഥാനമായ സംഗീതജ്ഞർ, സോളോ വോക്കലിസ്റ്റുകൾ, ബാൻഡുകൾ, ഇൻസ്ട്രുമെന്‍റലിസ്റ്റുകൾ എന്നിവരെ ഫെസ്റ്റിവൽ ക്ഷണിക്കുന്നതായും ദേശീയ വാർത്താ ഏജൻസി റിപ്പോർട്ടിൽ അറിയിച്ചു.