യുഎഇ വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാർക്ക് സേവനം നൽകിയതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 
Pravasi

യുഎഇ വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാർക്ക് സേവനം നൽകിയതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് ആവശ്യപ്പെട്ടു

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി സമീപിച്ച 10,000 ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇവരിൽ 3,200 പേർ രാജ്യം വിടാനുള്ള രേഖകൾ സ്വന്തമാക്കിയപ്പോൾ 1,300 പേർ യുഎഇയിൽ തന്നെ തുടരാൻ തീരുമാനിച്ചതായും നയതന്ത്രകാര്യാലയം വെളിപ്പെടുത്തി. താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് ആവശ്യപ്പെട്ടു. ഈ മാസം അവസാനം പൊതുമാപ്പിന്‍റെ കാലാവധി അവസാനിക്കും.

കോൺസുലേറ്റ് ഓഡിറ്റോറിയത്തിലെ ഫെസിലിറ്റേഷൻ സെന്‍ററിൽ ഒറ്റത്തവണ യുഎഇ പൊതുമാപ്പ് സേവനങ്ങൾ (വിരലടയാളം ഒഴികെ ബയോമെട്രിക് രേഖകൾ) നൽകുന്നുണ്ടെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. ഇതുവരെ 1,300ലധികം പാസ്‌പോർട്ടുകളും 1700 എമർജൻസി സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ടെന്നും 1500ലധികം എക്‌സിറ്റ് പെർമിറ്റുകൾ നൽകുന്നതിന് സഹായിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. മറ്റ് സേവന അന്വേഷകർക്ക് യുഎഇ അധികാരികളിൽ നിന്ന് ഫീസ്/പിഴ ഇളവ് ലഭിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

സാധുവായ പാസ്‌പോർട്ടുകൾ ഇല്ലാതെ യുഎഇയിൽ താമസം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഹ്രസ്വ സാധുതയുള്ള പാസ്‌പോർട്ടുകൾ നൽകുന്നു. സാധുവായ പാസ്‌പോർട്ട് കൈവശം വയ്ക്കാത്തവർക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒറ്റത്തവണ യാത്രാ രേഖയായ ഔട്ട്പാസ് എന്നറിയപ്പെടുന്ന എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതും കോൺസുലേറ്റാണ്.

ദുരിതത്തിലായ ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന സാമൂഹിക ഗ്രൂപ്പായ എയിം ഇന്ത്യ ഫോറത്തിന്‍റെ (എഐഎഫ്) സന്നദ്ധ പ്രവർത്തകരുടെ പിന്തുണയോടെ എമിഗ്രേഷൻ അധികാരികളിൽ നിന്ന് എക്സിറ്റ് പെർമിറ്റുകളും നൽകുന്നുണ്ടെന്ന് കോൺസുലേറ്റ് നേരത്തെ അറിയിച്ചിരുന്നു.

എക്സിറ്റ് പെർമിറ്റുകൾ നൽകുന്നതിനു പുറമേ, കോൺസുലേറ്റിലെ വിവിധ കൗണ്ടറുകൾ, പാസ്പോർട്ട് റിപ്പോർട്ട്, തൊഴിൽ റദ്ദാക്കൽ, മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ സാങ്കേതിക ടിക്കറ്റ് (മുഹ്‌റെ), എമിഗ്രേഷൻ റദ്ദാക്കൽ, ഒന്നിലധികം യുഐഡികൾ ലയിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര സേവനങ്ങളും നൽകുന്നുണ്ട്.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്