ദുബായ്: പതിനഞ്ചാമത് പൊതുഗതാഗത ദിനാചരണത്തിന്‍റെ ഭാഗമായി ഒക്‌ടോബർ 28 മുതൽ നവംബർ 1 വരെ ദുബായ് ആർടിഎയുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ നടത്തും.
'നിങ്ങൾക്ക് നല്ലത്, ദുബായ്ക്ക് മികച്ചത്' എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. സാമൂഹിക ക്ഷേമം, സാമ്പത്തിക ക്ഷേമം, വൈകാരിക ക്ഷേമം, ആരോഗ്യ ക്ഷേമം, ബൗദ്ധികവും പാരിസ്ഥിതികവുമായ ക്ഷേമം എന്നിവയെ പരിപോഷിപ്പിക്കുന്നതിൽ ആർടിഎയുടെ പങ്കിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ പരിപാടികൾകൊണ്ട് ലക്ഷ്യമിടുന്നത്. നവംബർ 1ന് പൊതുഗതാഗത ദിനത്തിൽ നിരവധിപരിപാടികളും മത്സരങ്ങളും ഒരുക്കുന്നതിലൂടെ
പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആർടിഎ വ്യക്തമാക്കി. ആർടിഎയുടെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിന് നിവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പൊതുഗതാഗത ദിനത്തിന്‍റെ പ്രമേയം വഴി ഉദ്ദേശിക്കുന്നതെന്ന് ആർടിഎ കോർപറേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് സപ്പോർട്ട് സെക്ടർ സിഇഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.
മെട്രൊ, ട്രാം, പബ്ലിക് ബസുകൾ, മറൈൻ ഗതാഗതം, സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ, നഗരത്തിലുടനീളമുള്ള പൊതുഗതാഗത സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും എത്തിച്ചേരാനുള്ള നടത്തം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പബ്ലിക് ട്രാൻസ്‌പോർട്ട് ദിനത്തിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കും വിലയേറിയ സമ്മാനങ്ങൾ ലഭിക്കും.
ആർടിഎ ആറ് വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പൊതുഗതാഗത ഉപയോക്താക്കൾക്ക് പ്രതിഫലം നൽകും. ഓരോ വിഭാഗത്തിൽ നിന്നും മൂന്ന് വിജയികളെ തെരഞ്ഞെടുത്ത് ഓരോരുത്തർക്കും 'പബ്ലിക് ട്രാൻസ്‌പോർട്ട് ചാമ്പ്യൻ' എന്ന പദവി നൽകും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 1 മില്യൺ നോൽ+ പോയിന്‍റും; റണ്ണറപ്പിന് 500,000 നോൽ+ പോയിന്‍റും; മൂന്നാം സ്ഥാനം നേടുന്നയാൾക്ക് 250,000 നോൽ+ പോയിന്‍റും ലഭിക്കും. മൂന്ന് വിജയികളെയും ചടങ്ങിൽ ആദരിക്കും.
ആറ് വിഭാഗങ്ങൾ ഇവയാണ്
2009ൽ ആരംഭിച്ച പൊതുഗതാഗത ദിനം മുതൽ 2024 നവംബർ 1 വരെ ഏറ്റവും കൂടുതൽ തവണയായുള്ള ഉപയോക്താവ് (പുതിയ വിഭാഗം).
2024ലെ പൊതുഗതാഗത ദിനത്തിലെ പ്രതിവാരം ഏറ്റവും കൂടുതൽ തവണയുള്ള ഉപയോക്താവ്.
പതിവ് ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള ആർടിഎ ജീവനക്കാരൻ/ഉപയോക്താവ്.
നിശ്ചയ ദാർഢ്യക്കാരായ ഏറ്റവും കൂടുതൽ ആളുകൾ.
പതിവ് ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള മുതിർന്ന പൗരൻ/ ഉപയോക്താവ് (പുതിയ വിഭാഗം).
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദ്യാർഥി (പുതിയ വിഭാഗം).