'ദുബായ് റൺ 2024' ഈ മാസം 24 ന് 
Pravasi

'ദുബായ് റൺ 2024' ഈ മാസം 24 ന്

വാഹന രഹിത ഷെയ്ഖ് സായിദ് റോഡിലൂടെ ദുബായ് നഗരത്തിന്‍റെ പ്രശസ്‌തമായ ചില നിർമിതികൾ കണ്ട് കടന്നുപോകാൻ സാധിക്കുമെന്നതാണ് പ്രത്യേകത

ദുബായ്: ഒരു മാസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്‍റെ സമാപനത്തിന്‍റെ ഭാഗമായുള്ള 'ദുബായ് റൺ 2024' ഈ മാസം 24 ന് നടക്കും. രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ദുബായ് റൺ എന്ന പരിപാടിയുടെ ഭാഗമാവാൻ ചെയ്യേണ്ടതെന്തെന്ന് അറിയാം.

ആദ്യം റൂട്ട് തെരഞ്ഞെടുക്കാം

ദുബായ് റണ്ണിൽ ഓടാൻ ആഗ്രഹിക്കുന്നവർ സൗകര്യപ്രദമായ റൂട്ട് തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടക്കക്കാർക്കും കുടുംബങ്ങൾക്കും 5 കിലോ മീറ്റർ ദൈർഘ്യമുള്ള പാത തെരഞ്ഞെടുക്കാം. പരിചയസമ്പന്നരായ അത്‌ലറ്റുകൾക്ക് 10 കിലോ മീറ്റർ ദൂരമുള്ള റൂട്ട് തെരഞ്ഞെടുക്കാൻ സാധിക്കും.

വാഹന രഹിത ഷെയ്ഖ് സായിദ് റോഡിലൂടെ ദുബായ് നഗരത്തിന്‍റെ പ്രശസ്‌തമായ ചില നിർമിതികൾ കണ്ട് കടന്നുപോകാൻ സാധിക്കുമെന്നതാണ് പ്രത്യേകത.5 കിലോമീറ്റർ റൂട്ട് ദുബായ് മാളിനടുത്തുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബോലെവാഡിൽ നിന്ന് ആരംഭിച്ച് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിൽ അവസാനിക്കുന്നു. 10 കിലോമീറ്റർ റൂട്ട് ഷെയ്ഖ് സായിദ് റോഡിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്ന് തുടങ്ങി എമിറേറ്റ്സ് ടവറിനടുത്തുള്ള ഡിഐഎഫ്സി ഗേറ്റ് ബിൽഡിംഗിലാണ് അവസാനിക്കുന്നത്.

രജിസ്ടേഷൻ എങ്ങനെ?

ദുബായ് റണ്ണിൽ പങ്കെടുക്കുന്നതിന് രജിസ്ടേഷൻ നിർബന്ധമാണ്. താൽപര്യമുള്ളവർക്ക് dubairun.com വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്റ്റർ ചെയ്‌താൽ പുലർച്ചെ 4 മണി മുതൽ എത്തിച്ചേരുന്ന സമയം നിങ്ങൾക്ക് തെരഞ്ഞെടുക്കാം. നേരത്തെ

എത്തുന്നവർക്ക് സുഗമമായി ഓട്ടം തുടങ്ങാനുള്ള മികച്ച ഇടം ലഭിക്കുമെന്ന് സംഘടകർ പറയുന്നു. വൈകിയാൽ ഓട്ടം പൂർത്തീകരിക്കാൻ സാധിക്കണമെന്നില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

13 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി 21 വയസിന് മുകളിൽ പ്രായമുള്ളവരാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. 13 മുതൽ 21 വയസ് വരെ പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ അനുമതിയോടെ സ്വയം രജിസ്റ്റർ ചെയ്യാം. നിശ്ചയദാർഢ്യ വിഭാഗത്തിൽ പെടുന്നവർക്കും ദുബായ് റണ്ണിൽ പങ്കെടുക്കാം. ഇവർക്ക് വേണ്ടിയുള്ള റൂട്ടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് pod@linkviva.com എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

രജിസ്റ്റർ ചെയ്തവർ നവംബർ 11 നും നവംബർ 23 നും ഇടയിൽ ദുബായ് മുനിസിപ്പാലിറ്റി സബീൽ പാർക്ക് ഫിറ്റ്നസ് വില്ലേജിൽ നിന്ന് ടി-ഷർട്ടുകളും ബിബുകളും കൈപ്പറ്റണം. റൂട്ട് മാറ്റാൻ ആഗ്രഹിക്കുന്നവർ നിലവിലെ രജിസ്ട്രേഷൻ റദ്ദാക്കിയ ശേഷം പുതിയ റൂട്ടിനായി വീണ്ടും രജിസ്റ്റർ ചെയ്യണം. ബിബ് നേരത്തെ കൈപ്പറ്റിയവർ പുതിയ ബിബ് കൈപ്പറ്റണമെന്നും അധികൃതർ നിർദേശിച്ചു.

യാത്രാ സൗകര്യവും പാർക്കിങ്ങും

പുലർച്ചെ നാലുമുതൽ ദുബായ് റൺ തുടങ്ങുന്ന സാഹചര്യത്തിൽ ദുബായ് മെട്രൊ നേരത്തെ സർവീസ് തുടങ്ങും.

സ്വന്തം വാഹനത്തിൽ വരുന്നവർക്ക് 5 കിലോമീറ്റർ റൂട്ടിൽ പങ്കെടുക്കുന്നവരാണെങ്കിൽ ദുബായ് മാളിൽ വാഹനം പാർക്ക് ചെയ്ത് വേൾഡ് ട്രേഡ് സെൻ്റർ സ്റ്റേഷനിലേക്ക് മെട്രോ വഴി എത്താം.

10 കിലോമീറ്റർ റൂട്ടിലുള്ളവർക്ക് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ പാർക്കിംഗ് ലഭ്യമാണ്. ഇവർക്ക് മെട്രോ വഴി എമിറേറ്റ്സ് ടവേഴ്സ് സ്റ്റേഷനിലേക്ക് പ്രവേശിക്കാം.

രജിസ്റ്റർ ചെയ്തവർക്ക് വിശദമായ പാർക്കിംഗ് മാപ്പുകൾ ലഭിക്കും..

എഡിഎമ്മിന്‍റെ മരണത്തിൽ കണ്ണൂർ കലക്റ്റർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; തൊഴിലാളികൾക്ക് പരുക്ക്, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവൽ ഫെബ്രുവരിയിൽ