യൂറോപ്യൻ യൂണിയൻ ബ്ലൂ കാര്‍ഡ് കൂടുതൽ കിട്ടിയത് ഇന്ത്യക്കാർക്ക് 
Pravasi

യൂറോപ്യൻ യൂണിയൻ ബ്ലൂ കാര്‍ഡ് കൂടുതൽ കിട്ടിയത് ഇന്ത്യക്കാർക്ക്

യൂറോപ്യൻ യൂണിയൻ അനുവദിച്ച ആകെ ബ്ലൂ കാർഡുകളിൽ ഏറ്റവും കൂടുതൽ നൽകിയിരിക്കുന്നത് ജർമനിയാണ്, 78 ശതമാനം

ബ്രസല്‍സ്: കഴിഞ്ഞ വര്‍ഷം ആകെ അനുവദിക്കപ്പെട്ട യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡുകളിൽ ഏറ്റവും കൂടുതൽ ലഭിച്ചത് ഇന്ത്യക്കാർക്ക്. വിദഗ്ധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ വിവിധ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വർക്ക് പെർമിറ്റാണ് ബ്ലൂ കാർഡ്. യുഎസ് ഗ്രീൻ കാർഡുമായി പല കാര്യങ്ങളിലും ഇതു സമാനവുമാണ്.

ബ്ലൂ കാർഡ് സംവിധാനം നിലവിൽ വന്ന ശേഷം ഏറ്റവും കൂടുതൽ കാർഡുകൾ അനുവദിക്കപ്പെട്ട വർഷമാണ് 2023. ഉന്നത തൊഴില്‍ വൈദഗ്ധ്യങ്ങളുള്ള 89,037 വിദേശ പൗരന്‍മാര്‍ ഇതിന് അർഹരായി. ഇതിൽ 21,228 എണ്ണമാണ് ഇന്ത്യക്കാര്‍ക്കു കിട്ടിയത്. അതായത് 23.1 ശതമാനം.

റഷ്യക്കാരും തുര്‍ക്കിക്കാരുമാണ് ബ്ലൂ കാർഡ് നേടിയവരുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. എന്നാല്‍, ഇത് 9488 പേരും 5803 പേരും മാത്രമാണ്.

ഏറ്റവും കൂടുതൽ ബ്ലൂ കാർഡ് വിതരണം ചെയ്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യം ജര്‍മനിയാണ്. 69,353 കാര്‍ഡുകള്‍ ജര്‍മനി മാത്രം നല്‍കിയിട്ടുണ്ട്. അതായത്, ആകെ അനുവദിക്കപ്പെട്ട ബ്ലൂ കാര്‍ഡുകളില്‍ 77.9 ശതമാനവും ജർമനിയിൽനിന്നാണ്.

കഴിഞ്ഞ വര്‍ഷം ഒറ്റ ബ്ലൂ കാര്‍ഡ് പോലും അനുവദിക്കാത്ത ഒരു യൂറോപ്യൻ രാജ്യവുമുണ്ട്- സൈപ്രസ്. അതു കഴിഞ്ഞാല്‍ ഏറ്റവും കുറവ് ഹംഗറി; 17 എണ്ണം മാത്രമാണ് അവർ അനുവദിച്ചത്. എന്നാൽ, 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതില്‍ 8.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ