Fred Lum
Pravasi

ക്യാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷിതാക്കൾ ആശങ്കയിൽ

ന്യൂഡൽഹി: 2.26 ലക്ഷം വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്ന് ക്യാനഡയിൽ ഉപരിപഠനത്തിനു പോയിരിക്കുന്നത്. ഖാലിസ്ഥാൻ വിഘടനവാദി നേതാവിന്‍റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും ക്യാനഡയും തർക്കം തുടരുമ്പോൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് ഈ വിദ്യാർഥികളുടെ ഇന്ത്യയിലുള്ള മാതാപിതാക്കളാണ്.

ദേശീയതയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ കുട്ടികൾ ക്യാനഡയിൽ വിവേചനം നേരിടേണ്ടി വരുമെന്ന് അവർ ഭയപ്പെടുന്നു. ക്യാനഡയിൽ ഇന്ത്യൻ വംശജർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയാണെന്ന ജാഗ്രതാ നിർദേശം ഇന്ത്യൻ വിദേശ മന്ത്രാലയം ഇതിനിടെ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

നാട്ടിലുള്ള മാതാപിതാക്കൾക്കു മാത്രമല്ല, ക്യാനഡയിൽ പഠിക്കുന്ന കുട്ടികളും ആശങ്കയിൽ തന്നെയാണ്. പലരും ഈ രാഷ്‌ട്രീയ പ്രശ്നം കാരണം പഠനത്തിൽ ശ്രദ്ധിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലാണ്. ഇരു രാജ്യങ്ങളും സമാധാനപരമായ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് വിദ്യാർഥികളും മാതാപിതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നത്.

ക്യാനഡയിലെ വിസ സേവനങ്ങൾ റദ്ദാക്കാനുള്ള ഇന്ത്യൻ ഗവൺമെന്‍റിന്‍റെ തീരുമാനവും ആശങ്ക വർധിപ്പിക്കുന്നുണ്ട്. വിസയോ പാസ്പോർട്ടോ പുതുക്കേണ്ടി വരുന്ന ഘട്ടത്തിലോ, ജോലി സാധ്യതകൾക്കു വേണ്ടി വിസ അപ്‌ഡേഷൻ നടത്തേണ്ടി വരുന്ന ഘട്ടത്തിലോ ഒക്കെ ഈ തീരുമാനം അവർക്കു പ്രതിബന്ധമായിരിക്കും.

ക്യാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും ഇന്ത്യൻ വിദ്യാർഥികൾക്കുമായി ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തണമെന്ന് പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ഝാക്കർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ക്യാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് പഞ്ചാബിൽനിന്നുള്ള കോൺഗ്ര് എംപി രവ്‌നീത് സിങ് ബിട്ടുവും അഭ്യർഥിച്ചിട്ടുണ്ട്.

ഇതിനിടെ, ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഖാലിസ്ഥാൻ അനുകൂല സംഘടന അവിടത്തെ ഹിന്ദുക്കളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യതതും സുരക്ഷാ ഭീഷണി വർധിപ്പിച്ചിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു