ജർമനിക്ക് ഇന്ത്യക്കാർ ബാധ്യതയാവുന്നു!! Symbolic image
Pravasi

ജർമനിക്ക് ഇന്ത്യക്കാർ ബാധ്യതയാവുന്നു!!

Namitha Mohanan

INTERVIEW: ജോസ് കുമ്പിളുവേലിൽ | നമിത മോഹനൻ

''നാട്ടിൽ പഠിക്കാൻ സൗകര്യങ്ങളില്ലാഞ്ഞിട്ടല്ല, സ്വാതന്ത്ര്യം തേടിയാണ് മലയാളി വിദ്യാർഥികൾ അധികവും വിദേശത്തേക്കു പോകുന്നത്'' എന്നു കഴിഞ്ഞ ദിവസം നടൻ വിനായകൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ഇരുപതു വർഷമായി ജർമനിയിലുള്ള ഒരു മലയാളി മാധ്യമ പ്രവർത്തകനും പങ്കുവയ്ക്കുന്നു, ഇതേ അഭിപ്രായത്തിന്‍റെ മറ്റൊരു വശം. സ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗത്തെക്കുറിച്ചും അതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ചുമാണ് മാധ്യമ പ്രവർത്തകൻ ജോസ് കുമ്പിളുവേലിൽ സംസാരിക്കുന്നത്. ജർമനിയിൽ ഇന്ത്യക്കാരെ വിലക്കുക വരെ ചെയ്യാവുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് മുന്നറിയിപ്പ്. അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക്....

എന്തുകൊണ്ടായിരിക്കാം വിദേശ വിദ്യാർഥികൾക്ക് ജർമനി ഇത്രയും ആകർഷകമാകുന്നത്?

ജർമനി പോലുള്ള രാജ്യം വിദേശ വിദ്യർഥികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വളരെ വലുതാണ്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നഴിസിങ് പോലുളള കോഴ്സുകൾ പഠിക്കാൻ ലക്ഷങ്ങൾ മുടക്കി കാത്തിരിക്കുന്ന സ്ഥാനത്ത്, ജർമനിയിൽ വിദേശ വിദ്യാർഥികൾക്കു പോലും സൗജന്യ വിദ്യാഭ്യാസവും സ്റ്റൈഫന്‍റും നൽകുന്നു.

മാത്രമല്ല, വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്ത് സ്വന്തമായി വരുമാനവുമുണ്ടാക്കാം. ഇതെല്ലാം വിദ്യാർഥികളെ ജർമനിയിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള മാർഗമായി മാറി.

നാട്ടിൽ പഠിക്കാൻ സൗകര്യങ്ങളില്ലാഞ്ഞിട്ടല്ല, സ്വാതന്ത്ര്യം തേടിയാണ് പലരും വിദേശത്തേക്കു പോകുന്നതെന്നൊരു അഭിപ്രായം നാട്ടിൽ ശക്തമായി വരുന്നുണ്ട്. ഇതെക്കുറിച്ച് എന്താണ് അഭിപ്രായം?

ജോസ് കുമ്പിളുവേലിൽ

ജർമനി പോലുള്ള രാജ്യങ്ങളിലെ നിയമങ്ങൾ പലതും ഇന്ത്യയിലേതിൽനിന്നു വ്യത്യസ്തമാണ്. ജർമനിയിൽ ഒരു വ്യക്തിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യയിലേതിനെ അപേക്ഷിച്ച് പല മടങ്ങ് കൂടുതലാണ്. ഒരാൾക്ക് രക്ഷപെടാനും, അതുപോലെ തന്നെ നശിക്കാനുമുള്ള വലിയ അവസരമാണ് ജർമനി പോലുള്ള രാജ്യങ്ങളിലുള്ളത്.

വിദേശ വിദ്യാർഥികൾ ഈ അവസരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. അത്തരം കാര്യങ്ങളെക്കുറിച്ച് നേരിട്ടറിയുമ്പോൾ വളരെ സങ്കടം തോന്നാറുണ്ട്. ജർമനിയിൽ മദ്യവും കഞ്ചാവും പോലുള്ള ലഹരി പദാർഥങ്ങൾക്കൊന്നും കാര്യമായ നിയന്ത്രണങ്ങളില്ല. പുതുക്കിയ നിയമമനുസരിച്ച് ജർമനിയിൽ ഒരാൾക്ക് താമസസ്ഥലത്ത് മൂന്ന് കഞ്ചാവ് ചെടികൾ വീതം നട്ട് പിടിപ്പിക്കാൻ പോലും നിയമം അനുവദിക്കുന്നുണ്ട്.

ഇത്തരം സ്വതന്ത്ര്യങ്ങൾ കൗമാരം വിടാത്ത കുട്ടികൾ വലിയ ആഘോഷമായാണ് കണക്കാക്കുന്നത്. മോശം പെരുമാറ്റങ്ങളിലേക്കും പ്രവൃത്തികളിലേക്കും അവരിൽ പലരെയും നയിക്കാൻ ഇതൊരു കാരണമാണ്. വിദ്യാർഥികൾ മാത്രമല്ല, ജോലി ചെയ്യുന്ന മലയാളികളിൽനിന്നും അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങളുണ്ടാവുന്നത് ജർമനിക്കാർക്ക് ഇന്ത്യക്കാരോടുള്ള മതിപ്പ് ഇല്ലാതാക്കുന്നു.

മാത്രമല്ല, പല വിദ്യാർഥികളും പഠനം വരെ ഉപേക്ഷിച്ച് ജീവിതം ആഘോഷിക്കാൻ ഇറങ്ങുകയാണ്. അവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുന്നു. പണം സമ്പാദിക്കാൻ വീട്ടുജോലികൾക്കു പോവുന്നു. പണമാണ് പ്രധാനമെന്ന ചിന്തയും, പെട്ടെന്നു ലഭിച്ച അമിത സ്വാതന്ത്രവും അവർ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു. ജർമനിയിലേക്കെത്തുന്ന എല്ലാ വിദ്യാർഥികളും ഇങ്ങനെയാണെന്നല്ല പറയുന്നത്. മറിച്ച് ഒരു വിഭാഗത്തെക്കുറിച്ചാണ്.

മലയാളി യുവാക്കളുടെ വിദേശ കുടിയേറ്റത്തിലെ പ്രധാന അപകടമായി കാണുന്നത് എന്തിനെയാണ്?

ജർമനിക്ക് ഇന്ത്യക്കാർ ബാധ്യതയാവുന്നു!!

കൗമാര പ്രായത്തിൽ തന്നെ മലയാളി വിദ്യാർഥികൾ പലരും ജർമനിയിൽ വരുന്നത് ജീവിതം ആഘോഷിക്കാനാണ്. ഇതിൽ ചിലരെങ്കിലും ശരിയായ യോഗ്യതകളില്ലാതെ, വ്യാജ സർട്ടിഫിക്കറ്റുകളുടെയും മറ്റും ബലത്തിലും വരുന്നുണ്ട്. ഇതു വ്യാപകമായി തിരിച്ചറിയപ്പെട്ടു തുടങ്ങിയതോടെ ഇന്ത്യക്കാരെ പല സ്ഥാപനങ്ങളിലും പഠനത്തിനോ ജോലിക്കോ എടുക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇത് ഇന്ത്യക്കാരെ നാളെ വലിയ രീതിയിൽ ബാധിക്കുന്ന വിഷയമായി മാറുകയാണ്.

ഇന്ത്യൻ വിദ്യാർഥികൾക്ക് ജർമനിയിലെ കോളെജുകളിൽ പ്രവേശനം ലഭിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്, ജർമൻ ഭാഷ അറിഞ്ഞിരിക്കുക എന്നതാണ്. കേരളത്തിൽ വ്യാപകമായി ഇപ്പോൾ ജർമൻ ഭാഷ പഠിപ്പിക്കുന്ന അക്കാഡമികളും സുലഭം. ജർമൻ ഭാഷ പഠിച്ച് B2 ലെവൽ പരീക്ഷ പാസായവർക്കു മാത്രമേ ജർമനിയിലേക്ക് സ്റ്റുഡന്‍റ് വിസയിൽ പോകാനാവൂ. അത്തരക്കാർക്ക് ജർമനി ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുമുണ്ട്.

എന്നാൽ, ജർമനിയിലെത്തുക എന്നുള്ള ഒറ്റ ലക്ഷ്യത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എത്തുന്നു. ഇതുപയോഗിച്ച് പഠനത്തിനോ ജോലിക്കോ കയറുന്നവരുണ്ട്. എന്നാൽ, ഭാഷ ഒട്ടും തന്നെ അറിയാത്തവർക്ക് ഈ സ്ഥാപനങ്ങളിൽ പിടിച്ചു നിൽക്കാനാവില്ല. ഒരു പരിധി കഴിയുമ്പോൾ ഇത്തരക്കാരുടെ കള്ളത്തരങ്ങൾ പുറത്താവുകയും പുറത്താക്കപ്പെടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. ഇത്തരം സംഭവങ്ങൾ ജർമനിയിൽ ഇന്ത്യക്കാരുടെയാകെ പ്രതിച്ഛായ മോശമാക്കുന്നുണ്ട്.

ലഭ്യമായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിൽ തെറ്റ് പറയാൻ സാധിക്കുമോ?

ആരും ചോദിക്കാനും പറയാനുമില്ലെന്നും, ഇവിടെ ഇതെല്ലാം സർവസാധാരണമാണെന്നും തോന്നുന്നവരുടെ കൈയിൽ ഇഷ്ടം പോലെ പണവും എത്തിച്ചേരുന്നതോടെ അവർ തങ്ങളുടെ ലക്ഷ്യങ്ങൾ മറക്കും. പിന്നെ ജീവിതം ആഘോഷിക്കാനുള്ള തിരക്കിലാവും. ഇതു വഴി

തങ്ങളുടെ ജീവതമാണ് ഇല്ലാതാവുന്നെന്ന് അവർ മനസിലാക്കുന്നില്ല. ഇതൊന്നുമറിയാതെ നാട്ടിൽ മാതാപിതാക്കൾ മക്കളുടെ നല്ല ഭാവി സ്വപ്നം കണ്ട് ഉറങ്ങും. ഇതിൽ പലരും വീടുകൾ വരെ വിറ്റോ പണയം വച്ചാണ് ഈ നാടുകളിലേക്കെത്തുന്നത്. അത് പോലും പലരും മറക്കുന്നു. ഭാഷ പോലും അറിയാതെ കുട്ടികൾ പല അബദ്ധങ്ങളിലും പോയി ചാടുന്നു. അടുത്തിടെ ജർമനിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന പല കാര്യങ്ങളും ഇത്തരത്തിലുള്ളതാണ്. പലരുടെയും ജീവൻ പോലും നഷ്ടമാവുന്ന സാഹചര്യങ്ങളുണ്ടാകുന്നു.

ആളുകൾ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതുവഴി മറ്റ് പലരുടെയും സ്വാതന്ത്ര്യം കൂടിയാണ് ഇല്ലാതാവുന്നത്. രാത്രിയോ പകലോ എന്നില്ലാതെ, ആൺ-പെൺ വ്യത്യാസമില്ലാതെ പുറത്തിറങ്ങി നടക്കാനാവുന്ന രാജ്യമായിരുന്നു ജർമനി. എന്നാലിന്ന് അങ്ങനെയൊരു അവസരം ജർമനിയിൽ അന്യമായിക്കൊണ്ടിരിക്കുന്നു. ഇന്ന് ജർമനിയും ഒരു 'അലമ്പൻ' രാജ്യമായി മാറിക്കഴിഞ്ഞു.

നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ