വിദേശ തൊഴിലാളികൾക്കായി ഇറ്റലിയിൽ ഡിജിറ്റൽ നൊമാഡ് വിസ AI | Freepik
Pravasi

വിദേശ തൊഴിലാളികൾക്കായി ഇറ്റലിയിൽ ഡിജിറ്റൽ നൊമാഡ് വിസ

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കു പുറത്തുനിന്നുള്ള ജോലിക്കാർക്ക് ഒരു വർഷം വരെ ഇറ്റലിയിൽ താമസിച്ച് ജോലി ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്

റോം: ഇറ്റലിയിൽ ഡിജിറ്റൽ നൊമാഡ് വിസ പ്രോഗ്രാമിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കു പുറത്തുനിന്നുള്ള ജോലിക്കാർക്ക് ഒരു വർഷം വരെ ഇറ്റലിയിൽ താമസിച്ച് ജോലി ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.

വർഷാവർഷം വിസ പുതുക്കാനും സാധിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഓഫീസിൽ നിന്ന് ദൂരെയിരുന്നും ജോലി ചെയ്യാൻ സാധിക്കുന്ന, ഉയർന്ന യോഗ്യതകൾ ഉള്ളവരെ മാത്രമായിരിക്കും ഇതിനു പരിഗണിക്കുക. സ്ഥിരമായി വർക്ക് ഫ്രം ഹോം സംവിധാനത്തിലുള്ളവർക്കായിരിക്കും ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത്. ഏതു രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ ജീവനക്കാർക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ഏതെങ്കിലും കമ്പനികൾക്കു വേണ്ടി ജോലി ചെയ്യുന്നവരെ കൂടാതെ, സ്വയം തൊഴിൽ ചെയ്യുന്നവർക്കും, ഏതെങ്കിലും കമ്പനിയുടെ ജീവനക്കാർ അല്ലാതെ, അവരുമായി സഹകരിച്ച് ജോലി ചെയ്യുന്നവർക്കും ഡിജിറ്റൽ നൊമാഡ് വിസയ്ക്ക് യോഗ്യതയുണ്ടാകും.

പ്രതിവർഷം കുറഞ്ഞത് 28,000 യൂറോ വരുമാനമുള്ളവരായിരിക്കണം എന്നതാണ് അപേക്ഷകർക്കുള്ള മറ്റൊരു പ്രധാന മാനദണ്ഡം. ഇറ്റലിയിൽ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലയളവിലേക്ക് താമസ സൗകര്യവും ഹെൽത്ത് ഇൻഷുറൻസും ലഭ്യമാണെന്നതിന്‍റെ തെളിവും ഹാജരാക്കേണ്ടി വരും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വിസ ലഭിക്കില്ല. ആറു മാസത്തിലധികം ഓഫീസിൽ പോകാതെ ജോലി ചെയ്തിട്ടുള്ളവരായിരിക്കണം.

വിസ അനുവദിച്ചാൽ ഇറ്റലിയിലെത്തി എട്ടു ദിവസത്തിനുള്ളിൽ റെസിഡൻസ് പെർമിറ്റിന് അപേക്ഷിക്കണം. നിരവധി രാജ്യങ്ങൾ നേരത്തെ തന്നെ ഡിജിറ്റൽ നൊമാഡ് വിസ നൽകിവരുന്നുണ്ട്. നാലു കോടിയോളം പേർ ആഗോളതലത്തിൽ ഇതിന്‍റെ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും