ദുബായ്: മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏർപ്പെടുത്തിയ ഈ വർഷത്തെ സിഎച്ച് രാഷ്ട്രസേവാ പുരസ്കാരത്തിനു എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി യെ തെരഞ്ഞെടുത്തതായി ജൂറി ചെയർമാൻ ഡോക്ടർ സി.പി. ബാവ ഹാജി, ജൂറി അംഗം പി.എ. സൽമാൻ ഇബ്രാഹിം , ദുബായ് കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്‍റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ , ട്രഷറർ ഹംസ കാവിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 26 നു ദുബായിൽ സംഘടിപ്പിക്കുന്ന സിഎച്ച് അനുസ്മരണ സമ്മേളനത്തിൽ വെച്ച് അവാർഡ് സമർപ്പിക്കും. എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മത സൗഹാർദ്ദം വളർത്തുന്നതിനും,പ്രശ്ന ബാധിത പ്രദേശങ്ങളിൽ സമാധാനത്തിന്‍റെ സന്ദേശവാഹകൻ ആകുന്നതിനും സിഎച്ച് ന് കഴിഞ്ഞതായി കെ എം സി സി ഭാരവാഹികൾ പറഞ്ഞു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹ ചര്യത്തിൽ സി എച്ച് നൽകിയ ജീവിത സന്ദേശം ചർച്ച ചെയ്യപ്പെടുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ട് എന്നും നേതാക്കൾ വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ എൻ കെ പ്രേമചന്ദ്രൻ എം പി ,സി പി ജോൺ , ഡോക്ടർ ശശി തരൂർ എം പി , ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സി പി ബാവ ഹാജി ( ജൂറി ചെയർമാൻ ),പി എ സൽമാൻ ഇബ്രാഹിം ( ജൂറി അംഗം )കെ പി മുഹമ്മദ് ( ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ), സയ്യിദ് ജലീൽ മശ്ഹൂർ ( ജനറൽ സെക്രട്ടറി), ഹംസ കാവിൽ ( ട്രഷറർ ), ഭാരവാഹികളായ നജീബ് തച്ചംപൊയിൽ,തെക്കയിൽ മുഹമ്മദ്,മൊയ്തു അരൂർ,കെ.പി അബ്ദുൽവഹാബ്,ഷംസു മാത്തോട്ടം, ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ട് നിൽക്കുന്ന പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. പരിപാടിയുടെ ബ്രോഷർ പ്രകാശനവും ഇതോടൊപ്പം നടത്തി.