തൃശൂർ: പ്രവാസി മലയാളികൾക്കുള്ള പുതിയ നിക്ഷേപ പദ്ധതിയായ 'കെഎസ്എഫ്ഇ ഡ്യുവോ'യുടെ ഗ്ലോബൽ ലോഞ്ചിങ് നടത്തി. സൗദി അറേബ്യയിലെ റിയാദിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടന്ന പ്രവാസി മലയാളി സമ്മേളനത്തിലായിരുന്നു കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിങ്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ തുടർച്ചയായി പുതിയ പദ്ധതി അവതരിപ്പിച്ചത്.
നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് കെഎസ്എഫ്ഇ ഡ്യുവോ. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെടുത്തി, പൂർണമായും ഓൺലൈൻ വഴി ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവനകൾ നൽകുന്ന മലയാളി പ്രവാസി സമൂഹത്തിനോടുള്ള കെഎസ്എഫ്ഇയുടെ പ്രതിബദ്ധതയാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
പ്രവാസി ചിട്ടിയുടെ ഗുണഫലങ്ങൾ പ്രവാസി മലയാളികൾക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി കെഎസ്എഫ്ഇ പ്രതിനിധികൾ വിവിധ ജിസിസി രാജ്യങ്ങളിൽ പര്യടനം നടത്തുകയാണ്.
കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനെജിങ് ഡയറക്റ്റർ ഡോ. എസ്.കെ. സനിൽ, ഡയറക്‌റ്റർ ബോർഡ് അംഗങ്ങളായ അഡ്വ. എം.സി. രാഘവൻ, അഡ്വ. യു.പി. ജോസഫ് എന്നിവരും കെഎസ്എഫ്ഇ ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കുക.