ഷാർജ: മൂന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ റാം c/o ആനന്ദി എന്ന നോവൽ മുന്നൂറ് താളുകൾ എഴുതിയ ശേഷം പൂർണമായും ഒഴിവാക്കി വീണ്ടും എഴുതിയ പുസ്തകമാണെന്ന് അഖിൽ പി. ധർമജൻ. രണ്ടാമത് എഴുതിയപ്പോൾ കഥ പറയുന്ന രീതിയിൽ ഫലപ്രദമായ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്നും അഖിൽ പറഞ്ഞു. 43-ാംമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ 'പുസ്തകത്തിനപ്പുറമുള്ള കഥകൾ - റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി. ധർമജനുമൊത്ത് ഒരു സായാഹ്നം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ആദ്യ രചന പൂർത്തിയാക്കിയ ശേഷം 2018 എന്ന സിനിമയുടെ തിരക്കഥ എഴുതി. ഇതിന് ശേഷം ഒരിക്കൽ കൂടി വായിച്ചപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ എഴുതാമായിരുന്നു എന്ന് ബോധ്യമായതുകൊണ്ടാണ് ആദ്യം എഴുതിയത് പൂർണമായും ഒഴിവാക്കിയതെന്നും അഖിൽ വിശദീകരിച്ചു.
നോവൽ സിനിമയാക്കുമ്പോൾ പ്രണവ്, സായ് പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് മനസിൽ ഉണ്ടായിരുന്നതെന്ന് അദേഹം വെളിപ്പെടുത്തി. ഇനി സംവിധായികയുടെ താത്പര്യം കൂടി മാനിച്ചാവും അഭിനേതാക്കളെ തെരഞ്ഞെടുക്കുകയെന്നും അഖിൽ പറഞ്ഞു. ചിത്രത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
താൻ മോശമായി ഒന്നും ചെയ്യുന്നില്ല, ആരെയും അക്രമിക്കുന്നില്ല, എന്നിട്ടും തനിക്കെതിരെ പല കോണുകളിൽ നിന്നും അധിക്ഷേപങ്ങൾ വരുന്നു. ചിലർ തന്‍റെ ശബ്ദത്തെയും, വേഷത്തെയും പരിഹസിക്കുന്നു, മറ്റുചിലർ 'ബോഡി ഷെയ്മിങ്ങ് ചെയ്യുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അവഗണിക്കാനും അതിജീവിക്കാനും പഠിച്ചു.
എഴുത്തുകാരനാവണം എന്നാഗ്രഹിച്ചതിന്‍റെ പേരിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ട ഒരാളാണ് താൻ. മുൻപ് തന്നെ ആക്രമിച്ചവർ ഇപ്പോൾ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് തന്‍റെ മധുര പ്രതികാരമാണെന്ന് അഖിൽ പറഞ്ഞു.
പുതിയ നോവൽ രചനയും വിഷാദവും
തന്‍റെ ഏറ്റവും പുതിയ നോവലിന് ഒരു ഫ്രഞ്ച് വെബ് സീരീസുമായി സാമ്യമുണ്ടെന്ന് വന്നതോടെ താൻ വിഷാദത്തിലേക്ക് വീണുപോയെന്ന് അഖിൽ വെളിപ്പെടുത്തി. പിന്നീട് ചികിത്സയുടെ സഹായത്തോടെയാണ് എഴുത്തുജീവിതത്തിലേക്ക് തിരികെ വന്നതെന്നും അഖിൽ പറഞ്ഞു. നോവൽ പുതിയ ഭാവുകത്വത്തോടെ എഴുതി പൂർത്തിയാക്കിയെന്നും അടുത്ത വർഷം ജനുവരിയിൽ പ്രസിദ്ധീകരിക്കുമെന്നും അദേഹം പറഞ്ഞു.
റാം, ആനന്ദി,മല്ലി
റാം c/o ആനന്ദി എന്ന നോവലിലെ തന്‍റെ ഇഷ്ട കഥാപാത്രം മല്ലിയാണെന്ന് അഖിൽ വ്യക്തമാക്കി. നോവലിന്‍റെ രചനാഘട്ടത്തിൽ ആനന്ദിയെക്കാൾ കൂടുതൽ സ്വീകാര്യത മല്ലിയ്ക്ക് കിട്ടുമെന്ന് തോന്നിയിരുന്നു. ട്രാൻസ് ജൻഡേഴ്സിനോട് പൊതുവെ സമഭാവനയോടെ പെരുമാറുന്നവരാണ് മലയാളികളെന്ന് അഖിൽ പറയുന്നു. മല്ലി തന്‍റെ ജീവിതത്തിലൂടെ കടന്നുപോയ കഥാപാത്രമാണ്. ഓരോ കഥാപാത്രങ്ങൾക്കും അതിന്‍റെതായ പ്രാധാന്യം നോവലിൽ നൽകിയിട്ടുണ്ട്. സ്വന്തമായ അസ്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് നോവലിൽ ഉള്ളത്.
നോവൽ ഇനിയും വായിക്കാത്തവർ ഉള്ളതുകൊണ്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല എന്നും അഖിൽ പറഞ്ഞു. തന്‍റെ ഹൃദയത്തിലുള്ള റാം c/o ആനന്ദി എഴുതിക്കഴിഞ്ഞു. നോവൽ സിനിമയാക്കുമ്പോൾ പ്രിയപ്പെട്ട പല രംഗങ്ങളും ഒഴിവാക്കേണ്ടി വരും. അത് വേദനാജനകമായതുകൊണ്ട് തിരക്കഥാ രചനയുടെ ഭാഗമാവുന്നില്ലെന്ന് അദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ തീരുമാനം സിനിമയെ ബാധിക്കില്ലെന്നും തിരക്കഥ പൂർത്തിയായ ശേഷം ചർച്ച നടത്തുമെന്നും അഖിൽ പറഞ്ഞു.
ഏഴാം ക്ലാസ്സിൽ തുടങ്ങിയ എഴുത്ത്
സ്കൂൾ പഠന കാലം മുതൽ ഫാന്‍റസിയുടെ ലോകത്തായിരുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ മണ്ണിട്ട് അവിടം ദ്വീപാണെന്ന് സങ്കൽപ്പിച്ച് ഉറുമ്പുകളെ കയറ്റിവിടുകയും കടലാസ്സ് വഞ്ചികൾ ഉണ്ടാക്കി വിടുകയും ചെയ്യുമായിരുന്നു. മെർക്കുറി ഐലൻഡ് എന്ന നോവലിന്‍റെ പ്രചോദനം ഇതാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എഴുത്ത് തുടങ്ങിയത്. ട്യൂഷൻ ക്ലാസ്സിലെ സഹപാഠിയും അയൽക്കാരനുമായ അഭിജിത്താണ് ആദ്യ വായനക്കാരനും വിമർശകനും. ഇന്നും തന്‍റെ രചനകളുടെ ആദ്യ പ്രൂഫ് റീഡർ അഭിജിത്താണെന്ന് അഖിൽ പറയുന്നു.
സ്വപ്നങ്ങൾക്ക് പരിമിതിയുണ്ടെന്ന് കരുതി ജീവിച്ച ഒരാളാണ്. പ്രസാധകർ നിരാകരിച്ച തന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് വായനക്കാരുടെ പിന്തുണ കൊണ്ടാണ്. അതുകൊണ്ട് തന്നെ വായനക്കാരാണ് തന്‍റെ സുഹൃത്തുക്കളെന്നും അഖിൽ പി ധർമജൻ പറഞ്ഞു. എന്നാൽ ആദ്യ കടപ്പാട് ഫെയ്സ്ബുക്കിനോടാണെന്നും അഖിൽ പറയുന്നു.
സുഹൃത്തായ ഹരിനാണ് സൗജന്യമായി കവർ രൂപകൽപന ചെയ്തുനൽകിയത്. സുഹൃത്തായ വിഷ്ണുവാണ് 'കളറിങ്ങ്' ചെയ്തത്. പി ആർ ജോലികൾക്കായി ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും അഖിൽ പറഞ്ഞു. ആർജെ വൈശാഖ് മോഡറേറ്ററായിരുന്നു. റാം c/o ആനന്ദിയുടെ നിറ വിന്യാസത്തിൽ രഞ്ജിത്ത് വരച്ച അഖിലിന്‍റെ ചിത്രം ചിത്രകാരൻ തന്നെ ചടങ്ങിൽ സമ്മാനിച്ചു. വായനക്കാർക്ക് പുസ്തകം ഒപ്പുവെച്ച് നൽകി, ഒപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് റാം c/o ആനന്ദിയുടെ കഥാകാരൻ മടങ്ങിയത്.