ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെനേതൃത്വത്തിൽ 94-ാമത് സൗദി ദേശീയ ദിനം ആഘോഷിച്ചു. യുഎഇ - സൗദി ബന്ധത്തിന്‍റെ ശക്തിയും സാഹോദര്യവും മുന്നോട്ട് വെക്കുന്ന ദിനാഘോഷത്തിൽ സ്മാർട്ട് ഗേറ്റുകൾ പച്ച നിറത്തിൽ പ്രകാശിപ്പിച്ചതും, കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും" കുട്ടികളെ ആകർഷിക്കാനെത്തിയതും ശ്രദ്ധേയമായി. ദുബായ് എയർപോർട്ടിലെ പാസ്‌പോർട്ട് കൺട്രോൾ മേഖലയിൽ സൗദി സന്ദർശക്കാരെ പൂക്കളും അറബിക് കോഫിയും ഈത്തപ്പഴവും നൽകിയാണ് വരവേറ്റത്.
എയർപോർട്ടിലെ ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളുടെയും പതാകകൾ പതിച്ച ഷാളുകളും അണിഞ്ഞിരുന്നു. സന്ദർശകരുടെ പാസ്പോർട്ടിൽ യുഎഇ സൗദി ടുഗെതർ ഫോർ എവർ എന്ന് മുദ്ര ചെയ്ത പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു നൽകി. കൂടാതെ ഡു വിന്‍റെ സൗജന്യ സിം കാർഡും സമ്മാനങ്ങളും വിതരണം ചെയ്തു.
ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി യുഎഇ - സൗദി സൗഹൃദത്തിന്‍റെ ആഴവും തന്ത്രപരമായ പങ്കാളിത്തവും എടുത്തു പറഞ്ഞു . സൗദി സന്ദർശകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.