ദുബായ്: യുഎഇയിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗതാഗത നിയലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കി സർക്കാർ. ഗതാഗത നിയമം സംബന്ധിച്ച പുതിയ ഫെഡറൽ ഡിക്രി അനുസരിച്ച് കുറ്റകൃത്യങ്ങൾക്ക് തടവും 2 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും. പുതിയ നിയമം 2025 മാർച്ച് 29 ന് നിലവിൽ വരും. നിയമവിരുദ്ധമായി റോഡ് മുറിച്ചു കടന്നാൽ തടവോ 5000 ത്തിൽ കുറയാതെയോ 10000 ത്തിൽ കൂടാതെയോ ഉള്ള തുക പിഴയോ ശിക്ഷയോ ലഭിക്കും. അപകടമുണ്ടായാൽ തടവും പിഴയും ലഭിക്കും.
മയക്കുമരുന്നിന്‍റെയൊ മറ്റ് ലഹരി പദാർഥങ്ങളുടെയൊ സ്വാധീനത്തിൽ വാഹനം ഓടിച്ചാൽ തടവും 2 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ആദ്യ നിയമലംഘനത്തിന് 6 മാസത്തേക്കും രണ്ടാമത്തേതിന് ഒരു വർഷത്തേക്കും ഡ്രൈവിങ്ങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂന്നാം തവണ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.
മദ്യപിച്ച് വാഹനം ഓടിച്ചാൽ തടവോ 20000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ആദ്യ ലംഘനത്തിന് 3 മാസത്തേക്കും രണ്ടാമത്തേതിന് 6 മാസത്തേക്കും ലൈസൻസ് മരവിപ്പിക്കും. മൂന്നാം തവണ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. സ്പെൻഷൻ കാലയളവിൽ വാഹനം ഓടിച്ചാൽ മൂന്ന് മാസത്തിൽ കൂടാതെയുള്ള തടവോ 10000 ത്തിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
യുഎഇ അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ആദ്യ ലംഘനത്തിന് 2000 മുതൽ 10000 ദിർഹം വരെ പിഴ ലഭിക്കും. ആവർത്തിച്ചാൽ 5000 മുതൽ 50000 വരെ പിഴയും തടവും ശിക്ഷ ലഭിക്കും. ലൈസൻസ് ഇല്ലാതെയോ ലൈസൻസിൽ ഉൾപ്പെടാത്ത മറ്റ് വാഹനങ്ങൾ ഓടിക്കുകയോ ചെയ്താൽ മൂന്ന് മാസം തടവോ അയ്യായിരം മുതൽ അൻപതിനായിരം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. നിയമലംഘനം ആവർത്തിച്ചാൽ 3 മാസത്തിൽ കുറയാത്ത തടവോ 20000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ഗുരുതര കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ
പരുക്കിന് കാരണമാവുന്ന അപകടമുണ്ടാക്കിയ ശേഷം തക്കതായ കാരണമില്ലാതെ വാഹനം നിർത്താതിരിക്കുക, അപകടത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകാതിരിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന് കളയുക, കൃത്യനിർവഹണത്തിനിടെ ട്രാഫിക്, സൈനിക, സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ ബോധപൂർവം ഇടിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾക്ക് രണ്ട് വർഷത്തിൽ കൂടാതെ തടവും അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ദിർഹം പിഴയും ശിക്ഷ ലഭിക്കും.
അശ്രദ്ധ മൂലം മരണമുണ്ടായാൽ തടവും 50000 ദിർഹം വരെ പിഴയും ലഭിക്കും
എന്നാൽ ജീവഹാനി ഉണ്ടാവുന്നത് റെഡ് സിഗ്നൽ മറികടന്നോ, മദ്യം, മയക്ക് മരുന്ന് എന്നിവയുടെ സ്വാധീനം മൂലം വാഹനം ഓടിച്ചോ ആണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ ജയിൽ ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാതെ പിഴയും ലഭിക്കും. സസ്‌പെൻഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുക, പ്രളയസമയത്ത് താഴ്വരയിലൂടെ വാഹനം ഓടിക്കുക എന്നീ കുറ്റങ്ങൾക്കും സമാനമായ ശിക്ഷ ലഭിക്കും.
നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുക, നമ്പർ പ്ലേറ്റിലെ വിവരങ്ങൾ അനധികൃതമായി തിരുത്തുക, അനധികൃത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത് തടയാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് തടവും 20000 ദിർഹം വരെ പിഴയും ലഭിക്കും.