അഞ്ചാനയും മേളവും കാവടിയുമായി 'തൃശൂർ പൂരം' ദുബായിൽ 
Pravasi

അഞ്ചാനയും മേളവും കാവടിയുമായി 'തൃശൂർ പൂരം' ദുബായിൽ

മ്മടെ തൃശ്ശൂർ കൂട്ടായ്മയും, ഇ​ക്വി​റ്റി പ്ലസും ചേർന്ന് ഒരുക്കു​ന്ന അഞ്ചാമത്തെ തൃശ്ശൂർ പൂരം ഡി​സം​ബ​ർ 2 ന് ആഘോഷിക്കും

ദുബായ്: മ്മടെ തൃശ്ശൂർ കൂട്ടായ്മയും, ഇ​ക്വി​റ്റി പ്ലസും ചേർന്ന് ഒരുക്കു​ന്ന അഞ്ചാമത്തെ തൃശ്ശൂർ പൂരം ഡി​സം​ബ​ർ 2 ന് ആഘോഷിക്കും. ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ അഞ്ച് വീതം ആനകളുടെയും മേളത്തിന്‍റെയും കാവടിയുടെയും അകമ്പടിയോടെയാണ് അഞ്ചാം പൂരം ആഘോഷിക്കുന്നത്.

ആദ്യമായി അവതരിപ്പിക്കുന്ന മച്ചാട് മാമാങ്ക കുതിരയും, തലയെടുപ്പുള്ള 5 റോബോട്ടിക് ഗജവീരന്മാരും 150 തിൽ പരം വർണക്കുടകളുടെ കുടമാറ്റവും, വിവിധ തരത്തിലുള്ള കാവടിയും, കാളകളിയും, യുഎഇയിൽ നിന്നുള്ള 5 ശിങ്കാരി മേളവും, കോട്ടപ്പടി സുരേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നാദസ്വരവും, കേരളത്തിലെ വിവിധ കലാരൂപങ്ങളെ കോർത്തിണക്കി അവതരിപ്പിക്കുന്ന ഘോഷയാത്രയും ഇത്തവണത്തെ പൂരത്തിന് വർണ്ണശോഭ നൽകുമെന്ന് മ്മടെ തൃശൂർ കൂട്ടായ്മയുടെ പ്രസിഡന്‍റ് അനൂപ് അനിൽ ദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ പൂരപ്പറമ്പിൽ എത്തുന്നത് മുതൽ ഓരോ വ്യക്തിക്കും കേരളത്തിൻറെ സാംസ്കാരിക പൗരാണിക കലകളെയും ആചാരാനുഷ്ഠാനങ്ങളെയും അടുത്തറിയുവാനുള്ള അവസരം മ്മടെ തൃശ്ശൂർ കൂട്ടായ്മ പൂരനഗരിയിൽ ഒരുക്കിയിട്ടുണ്ടെന്ന് മ്മടെ തൃശൂരിനോപ്പം മ്മടെ തൃശൂർ പൂരം 2024ന്‍റെ സംഘാടകരായ ഇക്വിറ്റി പ്ലസ് മേധാവി ജൂബി കുരുവിള അറിയിച്ചു.

ഡിസംബർ 2 ന് രാവിലെ 9 മണിക്ക് കൊടിയേറ്റം നടത്തും. തുടർന്ന് 150 ഇൽ പരം വാദ്യ കലാകാരൻമാർ വാദ്യ കുലപതി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരി മേളം കൊട്ടിക്കയറും.

പറക്കാട് തങ്കപ്പൻ മാരാരുടെ പ്രമാണത്തിൽ അരങ്ങേറുന്ന പഞ്ചവാദ്യം തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തോടു കിടപിടിക്കുന്നതായിരിക്കുമെന്ന് വാദ്യ കലാകാരി കൂടിയായ മ്മടെ തൃശ്ശൂരിന്‍റെ സെക്രട്ടറി രശ്മി രാജേഷ് പറഞ്ഞു.

തൃശ്ശൂർ പൂരത്തിന്‍റെ പ്രധാന ഭാഗമായ ഇലഞ്ഞിത്തറ മേളത്തിൽ പാറമേക്കാവിന്‍റെ മേള പ്രമാണിയായ കിഴക്കൂട്ട് അനിയമാരാരുടെ നേതൃത്വത്തിൽ 150 പരം വാദ്യ കലാകാരൻമാർ അണിനിരക്കും.

പ്രമുഖ പിന്നണി ഗായകൻ വിധു പ്രതാപ്, ഗായികയും ദേശിയ അവാർഡ് നേടിയ അഭിനേത്രിയുമായ അപർണ്ണ ബലമുരളി, ഐഡിയ സ്റ്റാർ സിങ്ങർ താരം ശ്രീരാഗ് ഭരതൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശ, ജെ എം 5 ഡി ജെ, യുഎഇ യിലെ പ്രമുഖ ബാൻഡായ അഗ്നി എന്നിവയുടെ പ്രകടനം തുടങ്ങിയവ പൂരത്തെ വിസ്മയക്കാഴ്ചയാക്കി മാറ്റും.

ഇത്തവണ സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമത്തിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. എത്തിസലാത് മെട്രോ സ്റ്റേഷനിൽ നിന്ന് പൂര വേദിയിലേക്ക് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരത്തിലേറെ പേർ പൂര നഗരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. നാട്ടിൽ നിന്ന് 120 ലേറെ കലാകാരമാരാണ് പൂരത്തിനെത്തുക.

സജിദ് ശ്രീധരൻ,അസി ചന്ദ്രൻ,സഹീർ അബ്ദുറഹ്മാൻ,നജീബ് പട്ടാമ്പി,അഭിലാഷ്,സുനിൽ കഞ്ചൻ,ജെ കെ ഗുരുവായൂർ, സുനിൽ ആലുങ്ങൽ,അനിൽ അരങ്ങത്ത്,വിമൽ കേശവൻ,ഷിജു, സന്ദീപ്, അബ്ദുൾ ഹക്കിം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും