അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ നേതൃത്വത്തിൽ നടത്തി വരുന്ന 'യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ' ദൗത്യത്തിന്‍റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി 37 ടൺ സാധനങ്ങൾ യുഎഇ അയച്ചു. സഹായ ശ്രമങ്ങളുടെ പരമ്പരയിലെ ഒമ്പതാമത്തെ വിമാനമാണിത്.
ലബനാൻ ജനതയുടെ വെല്ലുവിളി നിറഞ്ഞ മാനുഷിക സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നതെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രിയും ഇന്‍റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കൗൺസിൽ അംഗവുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.
'യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ' കാംപയ്ൻ ആരംഭിച്ച ശേഷം ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ യുഎഇയിൽ നിന്ന് മൊത്തം 375 ടൺ സാമഗ്രികൾ ലബനാനിലെത്തി.
പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദേശ പ്രകാരം ലബനാൻ ജനതക്ക് ആറ് മാനുഷിക സഹായ വിമാനങ്ങൾ കൂടി അയയ്ക്കുമെന്ന് യുഎഇ വ്യക്തമാക്കി.
ലബനാന് ഷെയ്ഖ ഫാത്തിമയുടെ 20 മില്യൺ ഡോളർ സംഭാവന
'യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ' കാമ്പയിനിന്‍റെ ഭാഗമായി യുഎഇയുടെ രാഷ്ട്ര മാതാവും ജനറൽ വിമൻസ് യൂണിയൻ അധ്യക്ഷയും യുഎഇ സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് പ്രസിഡന്‍റും ഫാമിലി ഡെവലപ്‌മെന്‍റ് ഫൗണ്ടേഷൻ സുപ്രീം ചെയർവുമണുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് 20 മില്യൺ ഡോളർ സംഭാവന നൽകി.