ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അടുത്ത മാസം 1 മുതൽ നിലവിൽ വരും. രാജ്യത്തെ അനധികൃത താമസക്കാർക്ക് താമസം നിയമവിധേയമാക്കുന്നതിനോ, പിഴയോ മറ്റ് നിയമ നടപടികളോ ഇല്ലാതെ രാജ്യം വിടുന്നതിനോ അവസരമൊരുക്കാനാണ് സർക്കാർ 60 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പിന്‍റെ കൂടുതൽ വ്യവസ്ഥകൾ സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു.
വിസാ കാലാവധി കഴിഞ്ഞ് താമസിക്കുന്നവരിൽ നിന്ന് പിഴയോ എക്സിറ്റ് ഫീസോ ഈടാക്കില്ല. പ്രവേശന നിരോധനം ഉണ്ടാവില്ല.സാധുവായ വിസയിൽ യുഎഇ യിലേക്ക് തിരികെ വരാം. ടൂറിസ്റ്റ് വിസ ഉൾപ്പെടയുള്ള എല്ലാത്തരം വിസകൾക്കും ഇത് ബാധകമാണ്.
മതിയായ രേഖകൾ ഇല്ലാതെ യുഎഇ യിൽ ജനിച്ചവർക്കും താമസം നിയമപരമാക്കാം.ജനിച്ച് കഴിഞ്ഞ് നാല് മാസത്തിനകം രജിസ്‌ട്രേഷൻ നടത്താത്തവരാണ് ഈ വിഭാഗത്തിൽ അപേക്ഷിക്കേണ്ടത്.
സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാം.
നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവർക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കില്ല.
പൊതുമാപ്പ് നിലവിൽ വരുന്ന സെപ്റ്റംബർ 1 ന് ശേഷം നിയമലംഘനം നടത്തുന്നവർക്കും ഒളിച്ചോടിയവർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കില്ല.
നാടുകടത്താനുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കും ഉൾപ്പെട്ടവർക്കും അപേക്ഷിക്കാനാവില്ല.
ദുബായ്: എല്ലാ അമർ സെന്‍ററുകളിലും അപേക്ഷ സമർപ്പിക്കാം,ജി ഡി ആർ എഫ് എ അൽ അവിർ കേന്ദ്രത്തിലും അപേക്ഷ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അബുദാബി: അൽ ദഫ്ര, സുവേയ്ഹാൻ, അൽ മഖ,അൽ ഷഹാമ എന്നിവിടങ്ങളിലെ, ഐഡന്‍റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി കേന്ദ്രങ്ങളിൽ അപേക്ഷ നൽകാം.
മറ്റ് എമിറേറ്റുകളിൽ ഐ സി പി കേന്ദ്രങ്ങൾ വഴി പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഐ സി പി സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്. ബയോ മെട്രിക് -ഫിംഗർ പ്രിന്‍റ് എടുക്കേണ്ട ആവശ്യമില്ലാത്തവർക്ക് ഈ സംവിധാനം ഉപയോഗിക്കാം. ഫിംഗർ പ്രിന്‍റ് എടുക്കേണ്ടവർക്ക് രാവിലെ 7 മുതൽ 10 വരെ പ്രത്യേക കേന്ദ്രങ്ങളിൽ അതിനുള്ള സൗകര്യം ഉണ്ടാകും.
15 വയസിന് താഴെ പ്രായമുള്ളവർക്ക് ഫിംഗർ പ്രിന്‍റ് എടുക്കേണ്ടതില്ല. എക്സിറ്റ് പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിയമം അനുശാസിക്കുന്നത്. സമയപരിധി കഴിഞ്ഞ് അനധികൃതമായി യുഎഇ യിൽ തുടർന്നാൽ ഒഴിവാക്കപ്പെട്ട എല്ലാ പിഴയും പുനഃസ്ഥാപിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.