ബ്രിട്ടനിലെ കെയർ മേഖലയിൽ വൻ തട്ടിപ്പ്: ജോലി തേടി പോകുന്നവർ ശ്രദ്ധിക്കുക Freepik
Pravasi

ബ്രിട്ടനിലെ കെയർ മേഖലയിൽ വൻ തട്ടിപ്പ്: ജോലി തേടി പോകുന്നവർ ശ്രദ്ധിക്കുക

വിസയും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റും കിട്ടാൻ മുൻകൂർ പണം വാങ്ങും. പക്ഷേ, സ്ഥലത്തെത്തുമ്പോൾ ചിലപ്പോൾ ജോലി പോലും കാണില്ല. അനുഭവസ്ഥരിൽ നിരവധി മലയാളികൾ

ചൂഷണം ചെയ്യപ്പെടുന്നത് പാവപ്പെട്ടവർ

കേരളത്തിലെ ഒരു ഗ്രാമത്തിൽ കടത്തിൽ മുങ്ങി ജീവിക്കുന്ന കാലത്താണ് നിരസിക്കാൻ തോന്നാത്ത ഒരു ജോലി വാഗ്ദാനം അഖിൽ ജെനിക്കു കിട്ടുന്നത്. നഴ്സിങ് ബിരുദമുള്ളവർക്ക് യുകെയിൽ നല്ല ശമ്പളത്തോടെ കെയർ വർക്കറായി ജോലി കിട്ടുമെന്നായിരുന്നു ഷിന്‍റോ സെബാസ്റ്റ്യൻ എന്നയാൾ നൽകിയ വാഗ്ദാനം. തന്‍റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് അഖിൽ ആ വാഗ്ദാനത്തിൽ കണ്ടത്.

ഇമിഗ്രേഷൻ ഏജന്‍റ് എന്നു പരിചയപ്പെടുത്തിയ ഷിന്‍റോ ആവശ്യപ്പെട്ട പണം തന്‍റെ കുടുംബ സ്വത്ത് വിറ്റാണ് അഖിൽ നൽകിയത്.

ബ്രിട്ടനിലെത്തിയപ്പോൾ മനസിലായി, അഖിലിനെ സ്പോൺസർ ചെയ്ത ബ്രിട്ടീഷ് കമ്പനിയിൽ കെയർ ജോലികളേയില്ല!

അഖിൽ ജെനി
ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസ തട്ടിപ്പ് കാരണം നൂറുകണക്കിന് വിദേശ കുടിയേറ്റക്കാരണ് ബ്രിട്ടനിൽ കുടുങ്ങിപ്പോയിരിക്കുന്നതെന്ന് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ഗാർഡിയൻ ദിനപത്രം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അഖിലിനെപ്പോലെ നിയമപരമായി ബ്രിട്ടനിലെത്തിയ പല വിദേശികളും ഇപ്പോൾ ഇതുപോലെ വാഗ്ദാനം ചെയ്യപ്പെട്ട ജോലി കിട്ടാതെ, കിട്ടിയ ജോലി ചെയ്തു ജീവിക്കാൻ ശ്രമിക്കുന്നു; നാടുകടത്തൽ ഭയന്ന് സ്പോൺസറെ മാറ്റാതെയും, കടം വീട്ടാൻ മറ്റു വഴിയില്ലാത്തതിനാൽ നാട്ടിലേക്കു മടങ്ങാനാവാതെയും വിഷമിക്കുന്നു.

ഫലപ്രദമാകാത്ത സർക്കാർ നിയന്ത്രണം

കെയർ വർക്കർ വിസയിൽ രാജ്യത്തു പ്രവേശിക്കാൻ സാധിക്കുന്ന വിദേശികളുടെ എണ്ണത്തിന് ബ്രിട്ടീഷ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാൻ ഇത് ഉപകരിക്കുന്നില്ല.

തൊഴിൽ തട്ടിപ്പിനിരയായി ബ്രിട്ടനിൽ തുടരുന്ന മലയാളികളടക്കം പല ഇന്ത്യക്കാരും ബ്രിട്ടനിലെ ബെനിഫിറ്റ് സംവിധാനങ്ങൾക്കു പുറത്താണ്. സാമ്പത്തിക ഭദ്രതയില്ല, എങ്കിലും കടുത്ത സമ്മർദത്തിൽ തുടരാൻ നിർബന്ധിതരാണവർ.

പല കഥകളിൽ ഒരേ വില്ലൻമാർ

സുഹൃത്തുക്കൾ വഴിയോ സമൂഹ മാധ്യമങ്ങൾ വഴിയോ പരിചയപ്പെടുന്ന ഇമിഗ്രേഷൻ ഏജന്‍റുമാരാണ് എല്ലാവരുടെയും കഥകളിലെ വില്ലൻമാർ. എട്ടു ലക്ഷം ഇരുപതു ലക്ഷം രൂപ വരെ ഇവർ ഓരോരുത്തരിൽനിന്നും ഈടാക്കുന്നുണ്ട്. ചിലർ വിസ ഫീസിനെന്നു മാത്രം പറഞ്ഞ് പണം വാങ്ങുമ്പോൾ, മറ്റു ചിലർ വിമാന ടിക്കറ്റും എയർപോർട്ട് ട്രാൻസ്ഫറും ഒരു മാസത്തെ താമസസൗകര്യവും കൂടി ഇതിൽ ഉൾപ്പെടുമെന്നു പറയും.

ഇന്ത്യയിൽ നിന്നുള്ള ഈ ഇമിഗ്രേഷൻ ഏജന്‍റിന് മിക്കപ്പോഴും ബ്രിട്ടനിലുള്ള ഒരു ഏജന്‍റുമായോ റിക്രൂട്ട്‌മെന്‍റ് കമ്പനിയുമായോ ഇടപാടുണ്ടാകും. ഉദ്യോഗാർഥിക്ക് ഇവർ ഒരു സർട്ടിഫിക്കറ്റ് കൊടുക്കും. ഏതെങ്കിലും കെയർ ഹോം, അതല്ലെങ്കിൽ ഏജൻസി അവരെ സ്പോൺസർ ചെയ്തതിന്‍റെ രേഖ. തൊഴിലുടമയുടെയും ജോലി ചെയ്യേണ്ട സമയത്തിന്‍റെയുമെല്ലാം വിശദാംശങ്ങൾ അതിലുണ്ടാകും.

ബ്രിട്ടനിലെത്തുമ്പോഴാണ് കഥ മാറുന്നത്. പറ്റിക്കപ്പെടുന്ന പലർക്കും പ്രതീക്ഷിച്ച ജോലിയായിരിക്കില്ല കിട്ടുന്നത്, ചിലപ്പോൾ ജോലി തന്നെ ഉണ്ടാവണമെന്നില്ല. ജോലി കിട്ടണമെങ്കിൽ സ്വന്തമായി വാഹനം വേണമെന്നും, താമസിക്കാൻ വീട് വാടകയ്ക്കെടുക്കണമെന്നുമെല്ലാം പുതിയ ഉപാധികൾ വരും ചിലപ്പോൾ. ഇത്രയും പണം മുടക്കി ബ്രിട്ടനിലെത്തിക്കഴിഞ്ഞ്, ജോലിയില്ലെന്നോ, അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടെന്നോ ഒക്കെ കേട്ടവരും കുറവല്ല. കെയർ കമ്പനിയിൽ തന്നെ ജോലി ചെയ്യാം, പക്ഷേ, ക്ലീനറായോ ഡ്രൈവറായോ മാത്രമേ പറ്റൂ എന്നു കേട്ടവരുമുണ്ട്.

ആവർത്തിക്കുന്ന വാഗ്ദാന ലംഘനങ്ങൾ

ഷിന്‍റോ സെബാസ്റ്റ്യന് അഖിൽ ജെന്നി കൊടുത്തത് പതിനഞ്ച് ലക്ഷം രൂപയാണ്. സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റിന് 23,000 രൂപയും വിസയ്ക്ക് ഏകദേശം 50,000 രൂപയും മാത്രമാണ് ചെലവ്. ബാക്കി തുക വിമാന ടിക്കറ്റിനും എയർപോർട്ടിൽനിന്നുള്ള യാത്രയ്ക്കും ഒരു മാസത്തെ താമസ സൗകര്യത്തിനും എന്നാണ് ധരിപ്പിച്ചിരുന്നത്. അങ്ങനെയാണ് പെങ്ങളുടെ വിവാഹത്തിനു മാറ്റിവച്ചിരുന്ന കുടുംബ വസ്തു വിറ്റ് അഖിൽ ബ്രിട്ടനിലേക്കു വിമാനം കയറുന്നത്.

ഷിന്‍റോ സെബാസ്റ്റ്യന് ബ്രിട്ടനുള്ള ഇടപാട് ലണ്ടൻ റേഡിയന്‍റ് ഗ്രൂപ്പ് എന്ന കമ്പനിയുമായി ആയിരുന്നു. യൂസഫ് ബദറുദ്ദീൻ എന്നയാൾ നടത്തുന്ന സ്ഥാപനം സ്വയം വിശേഷിപ്പിക്കുന്നത് റിക്രൂട്ട്‌മെന്‍റ് കമ്പനി എന്നാണ്. ഷെഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളെയിംലിലി എന്ന കമ്പനിയുടെ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റും ഷിന്‍റോ നൽകി. ആഴ്ചയിൽ 37.5 മണിക്കൂർ ജോലിയും പ്രതിവർഷം ഇരുപതു ലക്ഷത്തോളം രൂപയ്ക്കു തുല്യമായ ശമ്പളവുമായിരുന്നു വാഗ്ദാനം. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിസയും കിട്ടി.

എന്നാൽ, വാഗ്ദാനങ്ങൾ ഒന്നൊന്നായി ലംഘിക്കപ്പെടുന്നതായിരുന്നു അഖിലിന്‍റെ അനുഭവം. വിമാന ടിക്കറ്റിനു പണം നൽകണമെന്നായി ആദ്യം, പിന്നെ താമസസൗകര്യത്തിന്, അതിനു ശേഷം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നു ഷെഫീൽഡിലേക്കുള്ള ടാക്സി ചാർജ് വരെ ഈടാക്കി. ഒടുവിൽ ഷെഫീൽഡിലെത്തിയപ്പോൾ ഫ്ളെയിംലിലിയിൽ ജോലിയുമില്ല!

തനിക്കുള്ള കരാറൊന്നും ഇവിടെയില്ലെന്നാണ് കമ്പനിയുടെ ഡയറക്റ്റർ അഖിലിനോടു പറഞ്ഞത്. കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, അഖിലിന് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലെന്നും, മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലെന്നുമായി. ദീർഘമായ തർക്കത്തിനൊടുവിൽ ജോലി കിട്ടി, കെയർ വർക്കറായല്ല, ക്ലീനറായി; അതും പ്രതിദിനം രണ്ടോ മൂന്നോ മണിക്കൂർ വീതം. മണിക്കൂറിന് 11 പൗണ്ട് ആയിരുന്നു ശമ്പളം.

അഖിൽ ഇപ്പോഴും ഷെഫീൽഡിൽ തന്നെയുണ്ട്, മറ്റൊരു മലയാളി കുടിയേറ്റക്കാരനായ ജിയോ അമ്പൂക്കനും കുടുംബത്തിനുമൊപ്പം താമസിക്കുന്നു.

ഫ്ളെയിംലിലിയിൽ തന്നെ ചിലപ്പോൾ ഡ്രൈവറുടെ ജോലിയും ചെയ്തിരുന്നു അഖിൽ. പക്ഷേ, രണ്ടു മാസം മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഇമെയിൽ സന്ദേശം വന്നതോടെ അതും കഴിഞ്ഞു.

അഖിലിന് അഭയം നൽകിയിരിക്കുന്ന ജിയോയ്ക്കും സമാന അനുഭവമാണ് പറയാനുള്ളത്. നേരത്തെ പറഞ്ഞ ബദറുദ്ദീൻ തന്നെ ഡയറക്റ്ററായ ബ്രിട്ടിഷ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രണ്ടു ലക്ഷം രൂപയാണ് ഇമിഗ്രേഷൻ ഫീസ് എന്ന പേരിൽ ജിയോ നൽകിയത്. ഫ്ളെയിംലിലി തന്നെയായിരുന്നു സ്പോൺസർ. കെയർ വിസയിലാണ് വന്നത്. എത്തിയപ്പോൾ പറയുന്നത് ജോലി ഇല്ലെന്നു തന്നെ. കിട്ടിയത് ഡ്രൈവറുടെ ജോലി. മറ്റു കെയർ ജോലിക്കാരെ അവരവരുടെ ജോലി സ്ഥലങ്ങളിൽ എത്തിക്കണം, ദിവസേന 80 പൗണ്ട് കിട്ടും. വരുന്നവരിൽ നിന്ന് വിമാന ടിക്കറ്റിനും താമസ സൗകര്യത്തിനുമെല്ലാം മുൻകൂർ പണം ഈടാക്കുന്ന കാര്യമൊന്നും തനിക്കറിയില്ലെന്നാണ് ജിയോയോടു ബദറുദ്ദീൻ പറഞ്ഞത്.

അഖിൽ ജെനിയും ജിയോ അമ്പൂക്കനും.

അധികൃതരും കണ്ണടയ്ക്കുന്നു

ഇല്ലാത്ത തൊഴിൽ അവസരത്തിന് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നത് ബ്രിട്ടനിൽ നിയമവിരുദ്ധമാണ്. സ്ഥാപനത്തിന്‍റെ സർട്ടിഫിക്കറ്റ് റദ്ദാക്കാനും ഇതുമതി. ഫ്ളെയിംലിലിയുടെ കാര്യത്തിൽ അഖിൽ ഉൾപ്പെടെ വിവിധ കുടിയേറ്റക്കാർ ഇതിനകം ബ്രിട്ടനിലെ ഹോം ഓഫീസിനു റിപ്പോർട്ട് ചെയ്തിട്ടും അവരുടെ ലൈസൻസിന് ഒന്നും സംഭവിച്ചിട്ടില്ല.

മറ്റൊരു മലയാളി കുടിയേറ്റക്കാരിയയായ നിഷമോൾ സെബാസ്റ്റ്യൻ ഏജന്‍റിനു പതിനഞ്ച് ലക്ഷം രൂപ കൊടുത്താണ് ബ്രിട്ടനിലെത്തിയത്. വിസയ്ക്കുള്ള ചെലവെന്നാണ് ഏജന്‍റ് ധരിപ്പിച്ചിരുന്നത്. ഹോംകെയർഫസ്റ്റ് എന്ന കെയർ സ്ഥാപനം വിസ സ്പോൺസർ ചെയ്തു. എത്തിയപ്പോൾ പറയുന്നത്, കാറും ഡ്രൈവിങ് ലൈസൻസും ഉണ്ടെങ്കിലേ ജോലിയുള്ളൂ എന്നാണ്. രണ്ടു ലക്ഷം രൂപയ്ക്കു തുല്യമായ തുക കൂടി മുടക്കി സെക്കൻഡ് ഹാൻഡ് കാർ വാങ്ങി. അപ്പോൾ ബിസിനസ് ഇൻഷുറൻസിന് രണ്ടു ലക്ഷം കൂടി വേണമെന്നായി കമ്പനി.

ബ്രിട്ടനിലെത്തി രണ്ടു മാസം കഴിഞ്ഞാണ് നിഷയ്ക്ക് ജോലി ചെയ്യാനായത്. പക്ഷേ, വാഗ്ദാനം ചെയ്തിരുന്ന 39 മണിക്കൂറിനു പകരം ആഴ്ചയിൽ 90 മണിക്കൂർ വരെയൊക്കെയായി ജോലി. മാസം 1,700 പൗണ്ടും കൊടുക്കും, അതായത് മണിക്കൂറിന് ശരാശരി നാല് പൗണ്ട് മാത്രം! ബ്രിട്ടനിൽ നിലവിലുള്ള മിനിമം വേതനത്തിന്‍റെ പകുതി പോലുമില്ല ഇത്.

കഴിഞ്ഞ ജൂലൈയിൽ കമ്പനിയിൽനിന്ന് നിഷയ്ക്ക് ലഭിച്ച നിർദേശം നാലാഴ്ച ശമ്പളമില്ലാത്ത അവധിയിൽ പോകാനാണ്. എന്തായാലും നിഷയ്ക്ക് ഇതിനിടെ നിയമപരമായി പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിൽ നിയമപരമായ ജോലി കിട്ടി. എന്നാൽ, മറ്റു പലർക്കും അത്ര ഭാഗ്യമുണ്ടായില്ല.

ഹോംകെയർഫസ്റ്റിന്‍റെ സ്പോൺസർഷിപ്പിൽ ബ്രിട്ടനിൽ വന്ന 12 പേരുമായി ഗാർഡിയൻ പ്രതിനിധികൾ സംസാരിച്ചു. സർട്ടിഫിക്കറ്റിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിന്‍റെയും അധികമായി പണം കൊടുക്കേണ്ടി വന്നതിന്‍റെയും കഥകളാണ് എല്ലാവർക്കും പറയാനുണ്ടായിരുന്നത്. പരാതി പറഞ്ഞ ചിലർക്ക് പണം മടക്കിക്കൊടുക്കാമെന്ന വാഗ്ദാനമുണ്ടായെങ്കിലും അതും ലംഘിക്കപ്പെട്ടു.

കമ്പനിക്കെതിരേ പലരും ഹോം ഓഫീസിൽ പരാതി നൽകി. ഹോംകെയർഫസ്റ്റിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും വൈകാതെ പുനസ്ഥാപിക്കപ്പെട്ടു. അധികൃതരുടെ അറിവോടെ തന്നെയാണ് ഇത്തരം തട്ടിപ്പുകളും ചൂഷണങ്ങളും തുടരുന്നതെന്ന സംശയമാണ് ഇതിലൊക്കെ ഉയരുന്നത്.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്