റഫീഖ് മരക്കാർ
വിയന്ന: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) എന്ന ആഗോള മലയാളി സംഘടന ഏഴാം വാർഷികദിനം ആഘോഷിക്കുന്ന സന്തോഷം ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ജെ. രത്നകുമാർ എന്നിവർ അറിയിച്ചു.
വിയന്ന ആസ്ഥാനമാക്കി സന്നദ്ധ-സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡബ്ല്യുഎംഎഫ് 2016 സെപ്റ്റംബർ 21 നാണ് സ്ഥാപിതമായത്. ഇപ്പോൾ ഈ ആഗോള കൂട്ടായ്മ 164 രാജ്യങ്ങളിലെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. ജാതി-മത-വർഗ-വർണ-രാഷ‌്ട്രീയയ വ്യത്യാസമില്ലാതെ, മലയാളി എന്ന വികാരവായ്‌പിലൂടെ അവിശ്വസനീയമായ വേഗത്തിലാണ് കുറഞ്ഞ കാലത്തിനിടെ സംഘടന കരുത്താർജിച്ചത്.
കഴിഞ്ഞ ഏഴു വർഷമായി ലോകത്തിന്‍റെ ഏതുകോണിലുള്ള മലയാളിക്കും ആശ്വാസത്തിന്‍റെ കരസ്പർശമേകാൻ ആദ്യമെത്തുന്ന സംഘടന എന്ന ഖ്യാതി ഡബ്ല്യുഎംഎഫ് നേടിയെടുത്തു. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന സംഘടന ഏഴാം ജന്മവാർഷിക ദിനം കൊണ്ടാടുന്നത് ഗ്ലോബൽ ഭവന പദ്ധതിയിലൂടെ ഡബ്ല്യുഎംഎഫ് അംഗത്തിന് ഭവനം നിർമിച്ചു നൽകാൻ തീരുമാനമെടുത്തുകൊണ്ടാണ്.
വിവിധ മേഖലകളിലെ വൈദഗ്ധ്യം ജന്മനാടിന് ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്താൻ വേദിയൊരുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലമാക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ ഡബ്ല്യുഎംഎഫിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി പ്ലാൻറ് ഫോർ പ്ലാനറ്റ് പദ്ധതി, വനിത/ യുവത ശാക്തീകരണം, ജൈവ കൃഷി പ്രോത്സാഹനം, തെരഞ്ഞെടുത്ത സ്കൂളുകളിൽ ഗ്രീൻ ക്ലബ്ബ് രൂപീകരണം, മണ്ണ് - ജല സംരക്ഷണം, സോളാർ പവർ ഉപയോഗം, പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കൽ എന്നിവയ്ക്ക് വിപുലമായ പ്രചാരം നൽകും. സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഉതകുന്ന കരിയർ ഗൈഡൻസ് - തൊഴിൽ പരിശീലന പദ്ധതികൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കാനുദ്ദേശിക്കുന്ന ചിലത് മാത്രമാണ്.
എൽഡേഴ്സ് ക്ലബ് രൂപീകരിച്ച് മുതിർന്ന പൗരൻമാരുടെ അനുഭവ സമ്പത്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിക്കുന്നതിന് അവസരം ലഭ്യമാക്കുന്ന പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്.
പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും 'കൈരളിക്ക് ഒരു കൈത്താങ്ങ്' എന്ന പേരിൽ വിപുലമായ സേവന - സഹായ പ്രവർത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ നടന്നത്. ക്യാൻസർ രോഗിക്ക് വീട്, വിധവയ്ക്ക് വീട്, പാരാ ഒളിമ്പിക്സ് മത്സരാർത്ഥിക്കുള്ള ധനസഹായം, നിരാലംബർക്ക് ഭക്ഷണവും വസ്ത്രവും നൽകൽ, പ്ലാസ്റ്റിക് മുക്തമാക്കൽ, ബീച്ച് ക്ലീനിങ്ങ്, യുക്രൈൻ യുദ്ധകാലത്ത് മലയാളികളെ നാട്ടിലെത്തിക്കാൻ നടത്തിയ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ, ഐക്യ കാഹളമുയർത്തി ലോകമെമ്പാടും നടത്തിയ ഓണാഘോഷങ്ങൾ തുടങ്ങിയവ ഡബ്ല്യുഎംഎഫിന്‍റെ സമീപകാലത്തെ തിളക്കമാർന്ന പ്രവർത്തനങ്ങളുടെ രജതരേഖകളാണ്.
2024 ജനുവരി 27, 28 തീയ്യതികളിൽ സംഘടന 4-ാമത് ദ്വിവൽസര ആഗോള കൺവൻഷൻ തായ്ലാൻഡിലെ ബാങ്കോക്കിൽ വച്ച് നടത്തുകയാണെന്നും എല്ലാ അംഗങ്ങളുടെയും പരമാവധി സഹകരണവും സാന്നിധ്യവും കൊണ്ട് അത് വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു എന്നും ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പറഞ്ഞു. സംഘടനയുടെ വളർച്ചയുടെ തുടക്കം മുതൽ ഓരോ ഘട്ടത്തിലും കൂടെ നിന്ന അംഗങ്ങൾക്കും നേതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ജെ. രത്നകുമാർ നന്ദി പ്രകാശിപ്പിച്ചു.