ദുബായ്: വേൾഡ് ഫ്രീ സോൺസ് ഓർഗനൈസേഷൻ വാർഷിക കോൺഗ്രസിന് അടുത്ത മാസം 23 ന് ദുബായിൽ തുടക്കമാവും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാധികാരത്തിലാണ് പത്താം എഡിഷൻ നടത്തുന്നത്. 25 വരെ മദീനത്ത് ജുമൈറയിലാണ് പരിപാടി സംഘടിപ്പിക്കുക. ആഗോള വ്യാപാരത്തിൽ സാമ്പത്തിക മേഖലകളുടെ പങ്ക്, ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കൽ, വ്യാപാര വിനിമയം സുഗമമാക്കൽ, വാണിജ്യ ഇടപാടുകൾ വർധിപ്പിക്കൽ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ നയിക്കൽ, വിദേശ നിക്ഷേപം ആകർഷിക്കൽ എന്നീ വിഷയങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കും.
100ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 2,000ത്തിലധികം ബിസിനസ്സ് ലീഡർമാർ, ഫ്രീ സോൺ ഉദ്യോഗസ്ഥർ, വിദഗ്ധർ, ബഹുമുഖ സംഘടനാ മേഖലകളിലെ നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ, അക്കാദമിക് വിദഗ്ദ്ധർ , വിവിധ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഈ മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനികളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ കോൺഗ്രസിൽ പങ്കെടുക്കും.
അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ നട്ടെല്ലായ ആഗോള സാമ്പത്തിക മേഖലയുടെ വികസനത്തിന് സംഭാവന നൽകാനുള്ള ദുബായുടെ പ്രതിബദ്ധതയാണ് കോൺഗ്രസ് പ്രതിഫലിപ്പിക്കുന്നതെന്ന് വേൾഡ് ഫ്രീ സോൺസ് ഓർഗനൈസേഷൻ ചെയർമാൻ ഡോ. മുഹമ്മദ് അൽ സറൂനി പറഞ്ഞു.
യു.എ.ഇയുടെ വിദേശ വ്യാപാരം 25 ട്രില്യൺ ദിർഹമിലെത്തിക്കാനും 2033ഓടെ ലോകമെമ്പാടുമുള്ള 400 പുതിയ നഗരങ്ങളുമായി വ്യാപാര ഇടനാഴികൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
നാലാം വ്യാവസായിക വിപ്ലവമായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ ഉൾക്കൊള്ളുന്ന ആധുനിക സാമ്പത്തിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.