ഗാങ്ടോക്: മിന്നൽപ്രളയത്തെത്തുടർന്ന് സിക്കിമിലെ മാങ്കാൻ ജല്ലയിലുള്ള ലാച്ചനിൽ കുടുങ്ങിയ 3000 വിനോദസഞ്ചാരികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ലാച്ചനിൽ കുടുങ്ങിയ എല്ലാവരും നിലവിൽ സുരക്ഷിതരാണ്. എന്നാൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഇവരെ പുറത്തെത്തിക്കാനുള്ള വ്യോമസേനയുടെ ശ്രമം ഫലം കണ്ടില്ല. ലാച്ചനോടുള്ള ചേർന്നുള്ള പ്രദേശത്ത് മോശം കാലാവസ്ഥ തുടരുന്നതിനാൽ ഹെലികോപ്റ്ററുകൾക്ക് പറക്കാൻ കഴിയാത്തതാണ് രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാകുന്നത്.
ലാച്ചുങ് താഴ്വരയിലെ ലാച്ചൻ ഇപ്പോഴും വേണ്ടത്ര വെളിച്ചം പോലും ലഭിക്കാത്ത വിധം മേഘാവൃതമാണ്. ലാച്ചനിലേക്കുള്ള റോഡുകൾ തകർന്ന നിലയിലാണ്. രക്ഷാപ്രവർത്തനത്തിനായിസോംഗു വഴി ചുങ്താങ്ങിലേക്ക് ബദൽ മാർഗമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത 5 ദിവസത്തേക്ക് പ്രദേശത്ത് ചെറിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐടിബിപി, എൻഡിആർഎഫ് സംഘങ്ങൾ പ്രദേശത്തെത്തിയിട്ടുണ്ട്.
മേഘവിസ്ഫോടനം മൂലം ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതു വരെ 8 സൈനികർ അടക്കം 27 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 141 പേരെ കാണാതായിട്ടുണ്ട്.