ദുബായ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിൽ വരുന്നത് 5 പാലങ്ങൾ; യാത്രാ സമയം ഒരു മിനിറ്റായി കുറയും Dubai RTA
World

ദുബായ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിൽ വരുന്നത് 5 പാലങ്ങൾ; യാത്രാ സമയം ഒരു മിനിറ്റായി കുറയും | Video

ആകെ 5,000 മീറ്ററിലധികം ദൈർഘ്യം വരുന്ന ഈ പാലങ്ങൾ ഷെയ്ഖ് സായിദ് റോഡിനെ അഞ്ച് പ്രധാന നിരത്തുകളുമായി ബന്ധിപ്പിക്കും

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിൽ ഗതാഗതം സുഗമമാക്കുന്നതിന് അഞ്ച് പുതിയ പാലങ്ങൾ നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആകെ 5,000 മീറ്ററിലധികം ദൈർഘ്യം വരുന്ന ഈ പാലങ്ങൾ ഷെയ്ഖ് സായിദ് റോഡിനെ അഞ്ച് പ്രധാന നിരത്തുകളുമായി ബന്ധിപ്പിക്കും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഡിസംബർ സെക്കന്‍റ് സ്ട്രീറ്റ്, സാബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നിവയാണ് ഈ നിരത്തുകൾ.

ദുബായിലെ പ്രധാന കവലകളിലൊന്നായ ഷെയ്ഖ് സായിദ് റോഡ് റൗണ്ട് എബൗട്ടിൽ നിന്ന് ഡിസംബർ സെക്കന്‍റ് സ്ട്രീറ്റിലേക്കുള്ള ഗതാഗത പ്രവാഹവും, അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ നിന്ന് തെക്കു ഭാഗത്തേക്ക് ഷെയ്ഖ് സായിദ് റോഡിലേക്കുള്ള ഗതാഗതവും മെച്ചപ്പെടുത്താൻ ഉപരിതല ഇന്‍റർസെക്‌ഷനാക്കി അതിനെ മാറ്റും.

696.414 മില്യൺ ദിർഹം മൂല്യമുള്ള പദ്ധതി പൂർത്തിയാവുന്നതോടെ യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കന്‍റായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം ആറ് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബർ സെക്കന്‍റ് സ്ട്രീറ്റ് (ജുമൈറ, അൽ സത്‍വ) മുതൽ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിലേക്കുള്ള (ഡി.ഡബ്ല്യു.ടി.സി, ഡി.ഐ.എഫ്‌.സിക്കും) യാത്ര സാധ്യമാക്കുന്ന അൽ മജ്‌ലിസ് സ്ട്രീറ്റിലേക്കും, ശൈഖ് റാഷിദ് സ്ട്രീറ്റിൽ നിന്ന് ദേരയിലേക്കും ഗതാഗതം സുഗമമാക്കാനും ഈ പദ്ധതി സഹായിക്കും.

അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് വികസനം ഉൾപ്പെടുന്ന വിപുലമായ വികസന പദ്ധതിയുടെ ഭാഗമാണ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതി. ഡിഡബ്ല്യുടിസി, ഡിഐഎഫ്‌സി, സാബീൽ, അൽ സത്‍വ, കറാമ, ജാഫിലിയ, മൻഖൂൽ തുടങ്ങിയ കമ്മ്യൂണിറ്റികളിൽ നിന്നുള്ള അര ദശലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും പുതിയ പാലങ്ങൾ പ്രയോജനപ്പെടും.

അഞ്ച് പാലങ്ങളുടെ നിർമാണം ഇപ്രകാരം

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്ക് ദേര ഭാഗത്തേയ്ക്ക് 1,000 മീറ്റർ നീളത്തിൽ മുകൾ നിലയിൽ മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രണ്ടുവരി പാലം.

മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ശൈഖ് റാഷിദ് സ്ട്രീറ്റിനെ ഡിസംബർ സെക്കന്‍റ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2,000 മീറ്റർ നീളമുള്ള 2 രണ്ട് വരിപ്പാലങ്ങൾ.

കൂടാതെ, മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അൽ മുസ്തഖ്ബാൽ സ്ട്രീറ്റിനെ ഡിസംബർ സെക്കന്‍റ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതിന് അൽ മജ്ലിസ് സ്ട്രീറ്റിൽ നിന്ന് ഡിസംബർ സെക്കന്‍റ് വരെ 2,000 മീറ്റർ നീളമുള്ള 2 രണ്ട് വരിപ്പാലങ്ങൾ.

ദുബായ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിൽ വരുന്നത് 5 പാലങ്ങൾ; യാത്രാ സമയം ഒരു മിനിറ്റായി കുറയും

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ